വെള്ളാപ്പള്ളിയുടെ മുന്നണിയില്‍ ചേരുമെന്ന് ഹനുമാന്‍സേനയും; ലക്ഷ്യം ഹിന്ദു ഐക്യം

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്‍ ഡിസംബറില്‍ പ്രഖ്യാപിക്കുന്ന മൂന്നാം മുന്നണിയോട് സഹകരിക്കുമെന്ന് ഹനുമാന്‍ സേന.

നിയമസഭയില്‍ യഥാര്‍ത്ഥ ഹിന്ദു സമുദായത്തിന്റെ പ്രാതിനിത്യം എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊടുക്കുന്ന പുതിയ രാഷ്ട്രീയ മുന്നണിയില്‍ നിന്നാണെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എം.എം ഭക്തവത്സലന്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റേറിയത്തില്‍ വച്ച് ചേര്‍ന്ന എസ്എന്‍ഡിപി കണ്‍വെന്‍ഷനെത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ ഹനുമാന്‍ സേന പ്രതിനിധി സംഘം സന്ദര്‍ശിച്ച് പിന്‍തുണ വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തില്‍ മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളില്‍ നിന്ന് ഹൈന്ദവ സമൂഹത്തിനും പിന്നോക്ക വിഭാഗങ്ങള്‍ക്കും ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇരുമുന്നണികളും ന്യൂനപക്ഷ പ്രീണനമാണ് തുടരുന്നത്. ഇനിയും ഇത് അനുവദിക്കാനാവില്ല.

വെള്ളാപ്പള്ളി നടേശന്‍ രൂപം കൊടുക്കുന്ന മൂന്നാം ബദലിനെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഒറ്റക്കെട്ടായി നിന്നാല്‍ കരുത്ത് തെളിയിക്കാനാകും. ഹനുമാന്‍സേന നേതാവ്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിശ്വഹിന്ദു പരിഷിത്തിന്റെ യുവജന വിഭാഗമായ ബജ്‌രംഗ്ദളിന്റെ മുന്‍ സംസ്ഥാന സംയോജകന്‍ കൂടിയായിരുന്ന ഭക്തവത്സലന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഹനുമാന്‍ സേന ചുംബന സമരത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Top