മൂന്നാം മുന്നണിയിലേക്ക്‌ ശിവസേനയും..? എസ്എന്‍ഡിപി യോഗത്തില്‍ കടുത്ത ഭിന്നത

തിരുവനന്തപുരം: സാക്ഷാല്‍ ബാല്‍ താക്കറെയുടെ ശിവസേനയും വെള്ളാപ്പള്ളിയുടെ മുന്നണിയിലേക്കെന്ന് സൂചന.

കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായ ശിവസേന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി മത്സരരംഗത്ത് വരാനാണ് നീക്കം നടത്തുന്നത്.

എസ്എന്‍ഡിപി യോഗനേതൃത്വം മുന്‍കൈ എടുത്ത് രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നുപോവാന്‍ തന്നെയാണ് ശിവസേന നേതൃത്വത്തിന്റെ തീരുമാനം.

ബിജെപിയുമായി ചേര്‍ന്ന് ഹിന്ദു ഏകീകരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്നാം ബദല്‍ രൂപീകരിക്കാനൊരുങ്ങിയ വെള്ളാപ്പള്ളി നടേശന്‍, ആലപ്പുഴയിലെ ‘വിശാല’ യോഗത്തിന് ശേഷം മതേതര മുന്നണി എന്ന നിലപാടിലേക്ക് പിന്നീട് മാറിയിരുന്നു. ഇത് ബിജെപി – ആര്‍എസ്എസ് നേതാക്കളുടെ തന്ത്രപരമായ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചന.

ബിജെപിയോടും ആര്‍എസ്എസിനോടും ‘അയിത്തം’ കല്‍പ്പിച്ച വിഭാഗത്തെകൂടി കൂടെ നിര്‍ത്തുക എന്ന ഉദ്യേശമായിരുന്നു ഇതിന് പിന്നില്‍.

പേര് എങ്ങനെ മാറ്റിയാലും ബിജെപിയോടും ശിവസേന ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വവാദികളുമായും കൂട്ടുകൂടുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് എസ്എന്‍ഡിപി യോഗത്തിലെ ഒരുവിഭാഗം.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തോട് വിയോജിപ്പുള്ള ഈ വിഭാഗം പാര്‍ട്ടി രൂപീകരണത്തോടെ വെള്ളാപ്പള്ളിക്കും നേതൃത്വത്തിനുമെതിരെ രംഗത്ത് വരാനുള്ള തയ്യാറെടുപ്പിലാണ്.

ഈഴവ സമുദായാംഗങ്ങളായ വി.എസിനെയും വി.എം സുധീരനെയും അപമാനിക്കുന്ന വെള്ളാപ്പള്ളിയുടെ നീക്കത്തിലും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

വി.എസ് പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ മുന്‍നിര്‍ത്തി വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപി യോഗ നേതൃത്വത്തിനുമെതിരെ കോടതിയെ സമീപിക്കാനും അണിയറ നീക്കമുണ്ട്.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന വെള്ളാപ്പള്ളി നടേശന്റെ ‘സമത്വ മുന്നേറ്റ’ യാത്രയുടെ സമാപന സമ്മേളനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

23 ന് കാസര്‍ഗോഡ് മഴൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഡിസംബര്‍ അഞ്ചിന് റാലിയോടെ തിരുവനന്തപുരം ശംഖുമുഖത്താണ് സമാപിക്കുന്നത്.

അതേസമയം വെള്ളാപ്പള്ളിയുടെ യാത്ര കിളിമാനൂരില്‍ തടയുമെന്ന് പ്രഖ്യാപിച്ച് ശ്രീനാരായണ കള്‍ച്ചറല്‍ മൂവ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്.

എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് തട്ടിയെടുത്ത മുതലുകള്‍ തിരിച്ചേല്‍പ്പിച്ചശേഷം മതി വെള്ളാപ്പള്ളി നടേശന്‍ ധര്‍മ്മ സംരക്ഷണ യാത്ര നടത്തേണ്ടതെന്ന് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി എം വിജേന്ദ്രകുമാര്‍ പറഞ്ഞു.

Top