വെള്ളാപ്പള്ളിയുടെ ബിജെപി കൂട്ടുകെട്ട് നീക്കം ഉമ്മന്‍ചാണ്ടിക്ക് ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍

തിരുവനന്തപുരം :- ബി.ജെ.പി സഖ്യത്തിലൂടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടപ്പാക്കാനൊരുങ്ങുന്നത് ‘ഹിഡന്‍ അജണ്ട’.

ഭൂരിപക്ഷ വികാരത്തിന്റെ പേര് പറഞ്ഞ്, വരുന്ന തദ്ദേശ സ്വയംഭരണ – നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്‍തുണക്കുന്നതു വഴി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്.

ഇന്നലെ മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ വെള്ളാപ്പള്ളി തന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയെ കുറിച്ച് വാചാലനായത്.

ഇടത് പക്ഷത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ഹൈന്ദവ വോട്ടുകളില്‍ നല്ലൊരു പങ്ക് എസ്.എന്‍.ഡി.പി യോഗ നിലപാടോടെ ബി.ജെ.പി പാളയത്തിലേക്ക് പോവുമെന്നും അതുവഴി വീണ്ടും യു.ഡി.എഫ് സര്‍ക്കാരിന് അധികാരത്തില്‍ വരാന്‍ കഴിയുമെന്നുമുള്ള കണക്ക് കൂട്ടലിലാണ് വെള്ളാപ്പള്ളിയും സംഘവും.

ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി പുറത്തുവന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, ‘ബി.ജെ.പി യെ തള്ളണമെന്ന് പറയാന്‍ തനിക്ക് ഭ്രാന്തുണ്ടോ’ എന്ന് ചോദിച്ച് ബി.ജെ.പി സഹകരണത്തെ ന്യായീകരിച്ച് രംഗത്ത് വന്നപ്പോള്‍ ഒന്നും പ്രതികരിക്കാതെയിരുന്ന യു.ഡി.എഫ് – കോണ്‍ഗ്രസ്സ് നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും മൗനം ഏറെ സംശയങ്ങള്‍ക്കിട നല്‍കുന്നതാണ്.

അരുവിക്കരയില്‍ എസ്.എന്‍.ഡി.പി, ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍തുണക്കുന്നതില്‍ അണിയറയില്‍ ചരട് വലിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന ആക്ഷേപത്തിന് ബലമേകുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

അരുവിക്കര ‘പരീക്ഷണം’ തദ്ദേശ സ്വയംഭരണ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വ്യാപിപ്പിച്ച് യു.ഡി.എഫ് ഭരണ സംവിധാനം നിലനിര്‍ത്തുന്നതിന് എന്ത് ‘ധാരണ’യാണ് വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യം മാത്രമേ ഇനി പുറത്ത് വരാനുള്ളു.

രണ്ട് മുന്നണിയില്‍ നിന്നും തങ്ങള്‍ക്ക് സാമുഹിക നീതി കിട്ടിയില്ലെന്ന് കുറ്റപ്പെടുത്തി നിലപാടില്‍ വിവേചനമില്ലെന്ന പുകമറ സൃഷ്ടിക്കാനും ബോധപൂര്‍വ്വമായ ശ്രമമാണ് വെള്ളാപ്പള്ളി നടത്തിയത്.

കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാണെന്ന് അമിത്ഷായോട് ആവശ്യപ്പെട്ട വെള്ളാപ്പള്ളി ഒരേ സമയം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ആനുകൂല്യം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്ത് വെള്ളാപ്പള്ളി പറയുന്ന പല കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി വലിയ പരിഗണന കൊടുക്കുന്നതില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.

സമുദായത്തിന്റെ നേട്ടമല്ല, മറിച്ച് വ്യക്തി താല്‍പ്പര്യമാണ് വെള്ളാപ്പള്ളിയുടെ നിലപാടിന് പിന്നിലെന്ന് തുറന്നടിച്ച സി.പി.എം, എസ്.എന്‍.ഡി.പി യോഗത്തിന്റെ പുതിയ കൂട്ടുകെട്ടിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

എസ്.എന്‍.ഡി.പി യോഗത്തെ കാവിയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ നിലപാടുകളുമായി പിണറായി വിജയനും വി.എസ്. അച്ചുതാനന്ദനും മുന്നോട്ട് പോകുമ്പോള്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നടപടി സി.പി.എം അണികളെ പ്രകോപിതരാക്കിയിട്ടുണ്ട്.

അവസരം നോക്കി കച്ചവടക്കാരന്റെ മനസോടെ അധികാരത്തിന്റെ കൂടെ നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന് ഹിന്ദുസമുദായത്തിനുള്ളില്‍ ഒരു സ്വാധീനവുമില്ലെന്നും മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യമാണ് വെള്ളാപ്പള്ളിക്ക് വിലപേശാന്‍ അവസരം നല്‍കുന്നതെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്.

എന്നാല്‍ എസ്.എന്‍.ഡി.പി – ബി.ജെ.പി കൂട്ടുകെട്ട് ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്താന്‍ ഇടയുണ്ടെന്നും ഇത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ യു.ഡി.എഫിന് ഗുണം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ ഈ സാഹചര്യം നേരിടാന്‍ ബി.ജെ.പിയുടെയും എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിന്റെയും അവസരവാദ – കച്ചവട താല്‍പ്പര്യത്തെ കടന്നാക്രമിച്ച് പ്രചാരണം നടത്താനാണ് സി.പി.എം. പദ്ധതി ഒരുക്കുന്നത്.

എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിനും കോഴ വാങ്ങുന്നത് എന്ത് സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന പ്രചാരണം ശക്തമായി ഉയര്‍ത്താന്‍ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നടത്തിയ ഇടപെടലുകളാണ് എല്ലാ സമുദായത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ വഴി ഒരുക്കിയതെന്ന യാഥാര്‍ത്ഥ്യം പുതു തലമുറയെ കൂടി ബോദ്ധ്യപ്പെടുത്തുന്ന തരത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എം നീക്കം.

അതേസമയം ബി.ജെ.പി ‘ക്യാംപയിന്‍ ഇഷ്യു’ ശരിയാണെന്ന് എസ്.എന്‍.ഡി.പി യോഗം തുറന്നുപറയുന്നത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Top