വെള്ളാപ്പള്ളിയും ബീഫും… ബിജെപി കേരള ഘടകത്തെ പ്രതിരോധത്തിലാക്കുന്നു

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പും ശാശ്വതീകാനന്ദയുടെ മരണവുമെല്ലാം വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കിയതിന് മറുപടി പറയേണ്ടിവരുന്ന ബീജെപിക്ക് അപ്രതീക്ഷിതമായി ഡല്‍ഹി കേരളാ ഹൗസിലുണ്ടായ ബീഫ് വിവാദവും ഓര്‍ക്കാപ്പുറത്തുള്ള ആഘാതമായി.

ബീഫ് വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കേരള ഹൗസില്‍ പരിശോധന നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടി കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് ഇടത്-വലത് പക്ഷങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബീഫ് വിവാദം സിപിഎമ്മും കോണ്‍ഗ്രസ്സും വലിയ രാഷ്ട്രീയ വിവാദമാക്കിയിരിക്കുകയാണ്.

ബീഫിന്റെ മറവില്‍ പശുവിറച്ചി വില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി ഹിന്ദു നേതാവ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ പരിശോധന നടത്തിയത്. പശു ഇറച്ചി നിരോധനമുള്ള സ്ഥലമായതിനാലാണ് പരാതി കിട്ടിയപ്പോള്‍ കേരള ഹൗസിലെത്തിയതെന്നാണ് പോലീസിന്റെ നിലപാട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലത്ത് എത്താന്‍ കേരള ഹൗസ് അധികൃതരുടെ ആവശ്യം നിയമപരമായി ഇല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ കേരള ഹൗസില്‍ അതിക്രമിച്ചു കയറിയത് ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മലയാളി എന്താണ് ഭക്ഷിക്കേണ്ടതെന്ന് ഹിന്ദുസേന തീരുമാനിക്കേണ്ടെന്നും പറഞ്ഞാണ് ഇടതുപക്ഷവും യുഡിഎഫും ബിജെപിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഈ വിവാദത്തിന് കാരണക്കാരായ ഹിന്ദുസേന, സംഘ് പരിവാര്‍ സംഘടനയില്‍പെട്ടതല്ലെന്നും ആരെങ്കിലും ബീഫിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ എല്ലാ കുറ്റവും ബിജെപിയുടെയും ആര്‍എസ്എസിന്റെയും തലയില്‍ കെട്ടിവയ്ക്കുന്നത് നീതീകരിക്കാന്‍ പറ്റുന്നതല്ലെന്നുമുള്ള നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

പശുവിനെയും പശുക്കുട്ടിയെയും കാളകളെയും കാളക്കുട്ടിയെയും കൊല്ലരുതെന്ന നിയമം ഡല്‍ഹിയിലുള്ളതിനാല്‍ ഡല്‍ഹി പോലീസ് ജാഗ്രത പാലിച്ചത് മാത്രമാണ് ചെയ്തതെന്നാണ് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്.

സംഭവം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്ത് വലിയ വിവാദമാക്കുകയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തതോടെ നിലപാട് കടുപ്പിച്ച് രംഗത്തുവന്ന ഉമ്മന്‍ചാണ്ടിയും ലക്ഷ്യമിട്ടത് തദ്ദേശ തിരഞ്ഞെടുപ്പ് തന്നെയാണ്.

ബിജെപി സംസ്ഥാന ഘടകത്തിന് ഒരു ഉത്തരവാദിത്വവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ചയായി പഴികേള്‍ക്കേണ്ടിവരുന്നതാണ് നേതൃത്വത്തെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.

നല്ലൊരു വിഭാഗം ജനങ്ങള്‍ ബീഫ് ഭക്ഷിക്കുന്ന കേരളത്തില്‍ വോട്ട് ലക്ഷ്യമിട്ടാണ് ഇടത്-വലത് മുന്നണികളുടെ പ്രചരണമെന്നും പശുവിനെയും കാളകളെയും കൊല്ലുന്നതിനെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും പോത്തിറച്ചിയും എരുമയിറച്ചിയും കഴിക്കുന്നതിനെയും വില്‍ക്കുന്നതിനെയും എതിര്‍ക്കുന്നില്ലെന്നുമാണ് ബിജെപി വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ ഇടത് -വലത് മുന്നണി നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഒറ്റക്കെട്ടായി ആക്രമിക്കുന്നതിനാല്‍ ബിജെപിയുടെ വിശദീകരണം മങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവില്‍.

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ മികച്ച മുന്നേറ്റം നടത്തിയ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പു നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച വിജയം അനിവാര്യമാണ്.

എസ്എന്‍ഡിപി യോഗത്തിനെ കൂട്ടുപിടിച്ച് നേട്ടം കൊയ്യാനൊരുങ്ങിയ ബിജെപിയെയും എസ്എന്‍ഡിപിയെയും വളഞ്ഞിട്ട് ആക്രമിച്ച് വി.എസ് തുടങ്ങിവച്ച ആക്രമണമാണ് ഡല്‍യിലെ ബീഫ് വിവാദത്തോടെ ഇപ്പോള്‍ ക്ലൈമാക്‌സില്‍ എത്തിയിരിക്കുന്നത്.

ഇരുമുന്നണികളുടെയും ആക്രമണത്തെ അതിജീവിച്ച് മികച്ച വിജയം നേടുമെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും അത് എത്രമാത്രം എന്ന കാര്യത്തില്‍ നേതൃത്വത്തിനു പോലും ഇപ്പോള്‍ സംശയമുണ്ടെന്നതാണ് യാഥാര്‍ഥ്യം.

Top