വെള്ളാപ്പള്ളിക്കോ മകനോ കേന്ദ്ര മന്ത്രിപദം നല്‍കിയാല്‍ ബിജെപിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗവുമായുള്ള സഖ്യത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനോ തുഷാര്‍ വെള്ളാപ്പള്ളിക്കോ കേന്ദ്ര മന്ത്രിപദം നല്‍കിയാല്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ വലിയ പൊട്ടിത്തെറിക്ക് സാധ്യത.

സംസ്ഥാന ബിജെപിയുടെ രൂപീകരണ കാലം തൊട്ട് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ഒ രാജഗോപാലിനെ പരിഗണിക്കാതെ മറ്റാരെയെങ്കിലും പരിഗണിച്ചാല്‍ അത് പാര്‍ട്ടി അണികള്‍ക്കിടയില്‍ മാത്രമല്ല പൊതു സമൂഹത്തിനിടയിലും തെറ്റായ സന്ദേശമായിരിക്കും നല്‍കുകയെന്നാണ് നേതാക്കള്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള വെള്ളാപ്പള്ളി നടേശന്റെ കൂടിക്കാഴ്ചയില്‍നിന്ന് സംസ്ഥാന നേതാക്കളെ അകറ്റി നിര്‍ത്തിയതില്‍ ശക്തമായ അമര്‍ഷമുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു കഴിയും വരെ കാത്തിരിക്കാനാണ് പല ജില്ലാ -സംസ്ഥാന നേതാക്കളുടെയും തീരുമാനം.

ഡല്‍ഹിയിലെ രാഷ്ട്രീയ ചര്‍ച്ച ‘കുടുംബ ചര്‍ച്ച’ ആയതിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ ഏകപക്ഷീയമായ വാര്‍ത്ത പുറത്തുവിട്ടതിലും സംസ്ഥാന നേതൃത്വം രോഷാകുലരാണ്.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ പ്രകോപിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിലും ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ട്.

സിപിഎം വി.എസിനോട് സ്വീകരിച്ച കടുത്ത നിലപാടുകളിലെ പ്രതിഷേധം കൂടിയാണ് അരുവിക്കരയിലെ വലിയ മുന്നേറ്റത്തിന് ബിജെപിക്ക് സഹായകരമായതെന്നിരിക്കെ വി.എസിനെ ആക്രമിക്കുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വി.എസിനെതിരായ സിപിഎം കുറ്റപത്രത്തിന്റെ കോപ്പികള്‍ അച്ചടിച്ച് വീടുകള്‍ തോറും കയറിയിറങ്ങി വലിയ പ്രചാരണമാണ് ബിജെപി സംഘടിപ്പിച്ചിരുന്നത്.

ഈ അനുകൂല രാഷ്ട്രീയ കാലാവസ്ഥക്ക് മാറ്റം വരുത്താനും വി.എസിനെ ശക്തമായി ഇടതുപക്ഷത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും മൂന്നാം ബദലിനെ ആക്രമിക്കാന്‍ വി.എസിന് വടി കൊടുക്കുകയുമാണ് വെള്ളാപ്പള്ളി വിവാദ പ്രസ്താവനയിലൂടെ ചെയ്തതെന്നാണ് ബിജെപി നേതാക്കള്‍ക്കിടയിലെ വികാരം.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സംഘടനക്കകത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും മറ്റും വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക്‌ ഇനി മറുപടി പറയേണ്ട ബാധ്യതയുണ്ടാകുമെന്നതും ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.

എസ്എന്‍ഡിപിയുമായി ഇടഞ്ഞു നില്‍ക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ ഭാഗത്തുനിന്നു ലഭിച്ചിരുന്ന പിന്തുണ തുടര്‍ന്നും ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്ക ശക്തമാണ്.

എസ്എന്‍ഡിപി യോഗമില്ലാതെ തന്നെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കിയ പാര്‍ട്ടിക്ക് ഈ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ പോലും ക്രെഡിറ്റ് വെള്ളാപ്പള്ളി കൊണ്ടുപോകുമോ എന്ന ഭീതിയും സംസ്ഥാന നേതൃത്വത്തിനുണ്ട്.

തെരഞ്ഞെടുപ്പ് ‘ഫലം’ ബിജെപി സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിക്ക് തന്നെ വഴിയൊരുക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് നേതൃത്വത്തിന്റെ നീക്കം.

മോഡി- അമിത് ഷാ -ആര്‍എസ്എസ് തീരുമാനത്തെ ചോദ്യം ചെയ്ത് ആര്‍ക്കും ബിജെപിയില്‍ തുടരാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകളിലെ പ്രതിഷേധം അമര്‍ഷത്തിലൂടെ ഒതുക്കുകയാണ് നേതാക്കള്‍.

തദ്ദേശ തിരഞ്ഞെടുപ്പു വിധിക്കു ശേഷം കണക്കുകള്‍ നിരത്തി തിരഞ്ഞെടുപ്പു ‘യാഥാര്‍ഥ്യം’ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണവര്‍.

ലോകസഭാ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും നേടിയ വോട്ടുകളും ഇതിന് ആനുപാതികമായി ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വോട്ടുകളും കണക്കുകൂട്ടിയതിനു ശേഷം മാത്രമേ എസ്എന്‍ഡിപി സഖ്യം വഴിയുള്ള ‘നേട്ടം’ ചര്‍ച്ച ചെയ്യൂ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വിഭാഗവുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വെള്ളാപ്പള്ളിക്ക് കേന്ദ്ര നേതൃത്വം നല്‍കുന്ന അമിത പ്രാധാന്യത്തില്‍ മുരളീധരന്‍ വിഭാഗത്തെപ്പോലെ തന്നെ പി.കെ കൃഷ്ണദാസ് വിഭാഗവും അസ്വസ്ഥരാണ്.

Top