വെള്ളാപ്പളളിക്കു വേണ്ടി ചരട് വലിച്ചത് ആര്‍എസ്എസ്; വെട്ടിലായത് സംസ്ഥാന ഘടകം

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളത്തില്‍ ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിയെ നയിക്കാന്‍ ചുമതലയേല്‍പ്പിക്കുന്ന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നീക്കത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കടുത്ത അതൃപ്തി.

ആര്‍.എസ്.എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് വിശാല ഹിന്ദു ഐക്യമെന്ന ആശയം ഉയര്‍ത്തി ആര്‍.എസ്.എസ് നേതൃത്വം വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ മൂന്നാംമുന്നണിക്ക് കരുക്കള്‍ നീക്കുന്നത്.

ബി.ജെ.പി സംസ്ഥാന നേതൃത്വം വോട്ടുവില്‍പ്പനക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണെന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിനുള്ളത്. മോഹന്‍ഭാഗവത് തന്നെ നേരിട്ടെത്തി വെള്ളാപ്പള്ളിയുമായും മാതാഅമൃതാനന്ദമയീമഠവുമായും ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിലെ വിവിധ ജാതി സംഘടനകളും മഠങ്ങളുമായും ചര്‍ച്ച നടത്തി. ഇതിനു പിന്നാലെയാണ് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ എത്തി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്. ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കേരളത്തിലെത്തി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ആര്‍.എസ്.എസ് താത്വികനായ ഗുരുമൂര്‍ത്തിയുടെ മധ്യസ്ഥതയിലാണ് ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടന്നത്. സി.പി.എമ്മിന്റെ വോട്ടുബാങ്കായ ഈഴവ സമുദായത്തില്‍ വിളളല്‍ വീഴ്ത്തി കേരളത്തില്‍ 10 നിയമസഭാ മണ്ഡലങ്ങളും ഒരു പാര്‍ലമെന്റ് സീറ്റിലും ജയിച്ചു കയറാമെന്ന കണക്കുകൂട്ടലാണ് ആര്‍.എസ്.എസിനുള്ളത്.

ബി.ജെ.പി ഭരിക്കുന്ന മോഡിയുടെ ഗുജറാത്തിനേക്കാള്‍ ആര്‍.എസ്.എസിന് ശാഖകളും കേഡര്‍ സംവിധാനവുമുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലും സി.പി.എമ്മിലെ ഈഴവ വോട്ടുകള്‍ ബി.ജെ.പിക്കു ലഭിച്ചിരുന്നു. ഈ അനുകൂല രാഷ്ട്രീയ കാലാവസ്ഥ മുതലാക്കാന്‍ വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം മുന്നോട്ടുവെക്കുന്നത്. ഇതിനെതിരെ പരാതിയുമായി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കണ്ടെങ്കിലും മുഖവിലക്കെടുത്തിട്ടില്ല.

വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ചയില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തിയെന്ന പരാതിയാണ് മുരളീധരനുള്ളത്. ഒരു ഘട്ടത്തില്‍ പോലും ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ല. ബി.ജെ.പി സംസ്ഥാന ഘടകത്തെ അപമാനിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പരാതിപ്പെട്ടു. കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കും ഈ നിലപാടാണ്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മുരളീധരനെ തള്ളി കേന്ദ്ര നേതൃത്വത്തെ തുണക്കുകയാണ്.

Top