വീല്‍ച്ചെയറിലിരുന്ന കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു

ഡെലാവേര്‍:  വീല്‍ച്ചെയറിലിരിക്കുകയായിരുന്ന കറുത്ത വര്‍ഗക്കാരനെ യുഎസ് പൊലീസ് വെടിവച്ചു കൊന്നു. യുഎസിലെ ഡെലാവേറിലെ വില്‍മിങ്ടണിലാണ് സംഭവം.

വീല്‍ച്ചെയറിലിരിക്കുന്ന അംഗപരിമിതനായ ജെറമി മക്‌ഡോളിനോട് തോക്കു താഴെയിട്ട് കൈകള്‍ ഉയര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൈ ഉയര്‍ത്തിയില്ല. തുടര്‍ന്നു വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് ഇരുപത്തെട്ടുകാരനായ യുവാവ് വീല്‍ച്ചെയറില്‍ നിന്ന് താഴേക്കു വീണു.

അതേസമയം, അരയില്‍ നിന്നു തോക്കെടുക്കുന്നതിനിടെയാണ് മക്‌ഡോളിനു വെടിയേറ്റതെന്നാണ് പൊലീസ് ഭാഷ്യം. തോക്കെടുത്ത് വെടിവയ്ക്കുമോ എന്ന ഭയത്തിലാണ് പൊലീസ് അങ്ങനെ ചെയ്തതെന്ന് വില്‍മിങ്ടണിലെ പൊലീസ് മേധാവി ബോബി കമ്മിങ്‌സ് പറഞ്ഞു. വെടിയുതിര്‍ത്ത് അക്രമം സൃഷ്ടിച്ച ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അവിടെ ചെന്നത്. പൊലീസ് എത്തിയപ്പോള്‍ ഇയാളുടെ കൈവശം ആയുധമുണ്ടായിരുന്നെന്നും കമ്മിങ്‌സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ മകന്റെ കൈയില്‍ ആയുധമല്ല, ലാപ്‌ടോപ്പ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് മക്‌ഡോളിന്റെ അമ്മ ഫില്ലിസ് മക്‌ഡോള്‍ പറഞ്ഞു. ഇതു അനീതിയാണെന്നും കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്കു ഉത്തരം ലഭിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. വെടിയുതിര്‍ക്കുന്നതിനു മുന്‍പ് യുവാവ് കൈകൊണ്ട് എന്തു ചെയ്യുകയാണെന്ന് വിഡിയോയില്‍ നിന്നു വ്യക്തമാകുന്നില്ല. പത്ത് വെടിശബ്ദം വിഡിയോയില്‍ കേള്‍ക്കുന്നുണ്ട്.

https://youtu.be/cEjqsllXNd8

 

Top