വിപ്ലവ ‘വീര്യം’ നഷ്ടപ്പെട്ട യുവജന-വിദ്യാര്‍ത്ഥി നേതൃത്വം തകര്‍ത്തത് സിപിഎം അടിത്തറ

തിരുവനന്തപുരം: സിപിഎമ്മിന് സംഘടനാപരമായി കരുത്ത് പകരുകയും പൊതു സമൂഹത്തിനിടയില്‍ ‘ഗ്ലാമര്‍’ മുഖങ്ങളായി നിലനില്‍ക്കുകയും ചെയ്ത എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ അപചയവും അരുവിക്കരയില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായി.

വിപ്ലവ വിദ്യാര്‍ത്ഥി-യുവജന സംഘടനകളെ മാതൃ പ്രസ്ഥാനത്തിന്റെ വിഭാഗീയതയുടെ ‘ഉരക്കല്ലാക്കി’ മാറ്റിയ സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കളുടെ നടപടിയാണ് ഇതിന് വഴിയൊരുക്കിയത്.

അരുവിക്കരയില്‍ ബിജെപി നേടിയ 34145 വോട്ടുകളില്‍ നല്ലൊരു പങ്ക് പുതിയ വോട്ടര്‍മാരുടേതാണ്. യുവജന- വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്കിടയില്‍ ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും സ്വാധീനം നഷ്ടപ്പെട്ടതാണ് ബിജെപിയുടെ ഈ നേട്ടത്തിന് കാരണം.

പോരാട്ട വീര്യത്തെ പ്രണയിക്കുന്ന കേരളത്തിലെ കൗമാര-യൗവന മനസ്സുകള്‍ കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്‌ഐയിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐയിലുമാണ് ഏറ്റവും കൂടുതല്‍ ആകൃഷ്ടരായിരുന്നത്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ നടത്തിയ പോരാട്ടങ്ങള്‍, തെരുവിലേക്കിറങ്ങുമ്പോള്‍ അത് യുവജന പോരാട്ടമാക്കി വളര്‍ത്തിയെടുത്ത് വിദ്യാര്‍ത്ഥി- യുവജന വിഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനും പാര്‍ട്ടിയിലേക്ക് കേഡറുകളെ സൃഷ്ടിക്കാനും സിപിഎമ്മിന് കഴിഞ്ഞ കാലങ്ങളില്‍ കഴിഞ്ഞിരുന്നു.

എസ്എഫ്‌ഐയെ അനുനയിപ്പിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ തീരുമാനം എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ കഴിഞ്ഞകാല യുഡിഎഫ് സര്‍ക്കാരുകള്‍ക്കും നേരിടേണ്ടിവന്നിരുന്നു. കേരളത്തിലെ ക്യാംപസുകളിലെ എസ്എഫ്‌ഐയുടെ സംഘടിത ശക്തിയായിരുന്നു ഇതിന് കാരണമായിരുന്നത്.

ഒരു ‘തീപ്പൊരി’ വീണാല്‍ പോലും തെരുവിലിറങ്ങി ഭരണകൂടത്തെ വിറപ്പിക്കുന്ന ആ ക്ഷുഭിത യൗവനം ഇന്ന് കേരളത്തെ സംബന്ധിച്ച് ഓര്‍മ്മകള്‍ മാത്രമാണ്.

കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയന്‍ ഭരണമടക്കം കുത്തകയാക്കിവച്ച നിരവധി ക്യാംപസുകളില്‍ അടിതെറ്റിയ എസ്എഫ്‌ഐ, ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

തെരുവുകളില്‍ ചോര ചിതറിയ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എസ്എഫ്‌ഐക്ക് ഇന്ന് അത്തരം സമരങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. സിപിഎം വിഭാഗീയതയില്‍ പക്ഷം പിടിച്ച് ഔദ്യോഗിക നേതൃത്വത്തിന്റെ ‘വാലായി’ മാറാനാണ് പാര്‍ലമെന്ററി വ്യാമോഹം തലയ്ക്ക് പിടിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും താല്‍പര്യം.

ഇതിന് കൂട്ടായി പാര്‍ട്ടി ചുമതലക്കാരനായ കേന്ദ്ര കമ്മിറ്റി അംഗം കൂടി വന്നതോടെ ത്യാഗ സന്നദ്ധരായ വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വെട്ടിനിരത്തലിനിരയായി. തുടര്‍ന്ന് തല്‍പര കക്ഷികളാണ് നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടത്.

25 വയസ് പ്രായം നിജപ്പെടുത്തി ഒരു ‘നഴ്‌സറി സമരം’ പോലും നയിക്കാന്‍ ശേഷിയില്ലാത്ത നേതൃത്വത്തിന് മഹത്തായ ഒരു സംഘടനയുടെ കടിഞ്ഞാണ്‍ കൈമാറിയ സിപിഎമ്മിന് സ്വന്തം കുഴി തോണ്ടിയതിന്റെ ആദ്യത്തെ പ്രഹരമാണ് അരുവിക്കരയില്‍ ഇപ്പോള്‍ കിട്ടിയത്.

എസ്എഫ്‌ഐയുടെ തകര്‍ച്ച യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ അടിവേര് തകര്‍ത്തതാണ് കേഡര്‍ വോട്ടുകള്‍ പോലും നഷ്ടപ്പെടാന്‍ കാരണം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യമതില്‍ തീര്‍ത്ത് കേരളത്തെ അളന്ന് ചരിത്രം സൃഷ്ടിച്ച ഡിവൈഎഫ്‌ഐക്ക് ആ സമരത്തിന് നേതൃത്വം കൊടുത്ത വിജയകുമാറിനെ വിജയിപ്പിക്കാന്‍ കഴിയാതിരുന്നത് വലിയ തിരിച്ചടിയാണ്.

എസ്എഫ്‌ഐയില്‍ നിന്ന് കേഡറുകള്‍ വലിയ രൂപത്തില്‍ കടന്ന് വരാത്തതും സിപിഎം വിഭാഗീയതയില്‍ ഡിവൈഎഫ്‌ഐ ഘടകങ്ങളിലെ പ്രവര്‍ത്തകരും നേതാക്കളും ‘വെട്ടി നിരത്തലിന്’ ഇരയായതുമാണ് ഡിവൈഎഫ്‌ഐയുടെ തകര്‍ച്ചയ്ക്ക് കാരണം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു സംഘടനകളുടെയും പ്രവര്‍ത്തനം ചടങ്ങായി മാത്രം മാറുകയാണ്. നടത്തിയ ചില സമരങ്ങള്‍ പോലും വിജയിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയും സമരങ്ങളില്‍ വിദ്യാര്‍ത്ഥി-യുവജന പ്രാധിനിധ്യം ചടങ്ങായി മാറുന്ന അസാധാരണ സാഹചര്യവുമാണ് നിലവിലുള്ളത്.

ഇതാണ് സിപിഎമ്മിന്റെ നിലനില്‍പ്പിന് തന്നെ ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് അരുവിക്കരയില്‍ മാത്രമല്ല കേരളത്തില്‍ മൊത്തത്തില്‍ പാര്‍ട്ടി നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി നേടാനും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കണ്ണ് നട്ടുമാണ് പുതുതലമുറ നേതാക്കളില്‍ നല്ലൊരു പങ്കും പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.

പാവപ്പെട്ടവന് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടി സ്വന്തം ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ ചരിത്രവും, ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ചും തങ്ങള്‍ക്കുള്ളതെല്ലാം പാര്‍ട്ടിക്കായി സംഭാവന ചെയ്യുകയും ചെയ്ത എകെജിയുടെയും ഇഎംഎസിന്റെയും പി കൃഷ്ണപിള്ളയുടെയുമെല്ലാം ചരിത്രവും ഈ ‘അഭിനവ കമ്യൂണിസ്റ്റു’കള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നിര്‍ജ്ജീവമായതാണ് ബിജെപിയിലേക്ക് ‘ന്യൂജനറേഷന്‍’ ഒഴുക്കുണ്ടാകാന്‍ പ്രധാന കാരണം. അല്ലാതെ എബിവിപിയോ യുവമോര്‍ച്ചയോ കേമന്‍മാരായത് കൊണ്ടല്ല.

ഒരു വിദ്യാര്‍ത്ഥിയോ ഒരു യുവാവോ വിചാരിച്ചാല്‍ ആ കുടുംബത്തിലെ പകുതി വോട്ടെങ്കിലും മാറ്റി മറിക്കാന്‍ കഴിയുമെന്ന തിരിച്ചറിവിന്റെ പാഠവും ഇപ്പോള്‍ അരുവിക്കര നല്‍കുന്നുണ്ട്. പാര്‍ട്ടി കുടുംബത്തിലെ വോട്ടുകളാണ് നല്ലൊരു ശതമാനം സിപിഎമ്മിന് നഷ്ടമായത്.

93 കാരനായ വി.എസിനെ മൂലയ്ക്കിരുത്താന്‍ ശ്രമിച്ച് സ്വയം സര്‍വ്വനാശം വിളിച്ച് വരുത്തുന്നതിന് പകരം, അഹങ്കാര നേതൃത്വത്തെ പുകച്ച് പുറത്താക്കി ജനവികാരം മുന്‍നിര്‍ത്തി കര്‍മ്മ നിരതരായ നേതൃത്വത്തെ പാര്‍ട്ടിയിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും നിയോഗിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണം.

മുതലാളിമാരുടെ ഇഷ്ട നേതൃത്വത്തെയല്ല, തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിയര്‍പ്പിന്റെ മണമറിയുന്ന നേതൃത്വത്തെയാണ് സിപിഎമ്മില്‍ നിന്ന് ജനസമൂഹം പ്രതീക്ഷിക്കുന്നത്.

‘എല്ലാ പാര്‍ട്ടിയും കണക്കാണ്’ എന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ ഉയരുന്നത് നല്ല സൂചനയല്ല. വി.എസ്-പിണറായി പോരിനിടയില്‍ സര്‍ക്കാരിനെതിരെ ഫലപ്രദമായ പ്രക്ഷോഭം ആത്മാര്‍ത്ഥമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതിനാലാണ് ‘അഡ്ജസ്റ്റ്‌മെന്റ്’ സമരമെന്ന ബിജെപിയുടെ വാദത്തിന് അരുവിക്കരക്കാര്‍ ചെവികൊടുത്തത്.

എല്ലാവര്‍ക്കും വാരിക്കോരി എ പ്ലസ് കൊടുത്ത ഒരു മന്ത്രിയും ബാര്‍ കോഴക്കേസില്‍ കുരുങ്ങിയ മന്ത്രിയും സരിതാ വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയുമെല്ലാം കഴിവുകേട് കൊണ്ടുമാത്രമാണ്.

ആരോപണത്തില്‍പ്പെട്ട നിരവധി മന്ത്രിമാരെ രാജി വെപ്പിച്ച ചരിത്രമുള്ള, സംഘടനാ ശേഷിയുണ്ടായിരുന്ന ഒരു പ്രസ്ഥാനം ചരിത്രപരമായ കര്‍ത്തവ്യം മറക്കുമ്പോള്‍ മറ്റ് സാധ്യതകള്‍ തേടിപോകാന്‍ ജനങ്ങള്‍ സ്വാഭാവികമായും തയ്യാറാകുമെന്ന് കൂടി ഓര്‍ക്കുക.

Team Expresskerala

Top