മാണിക്കെതിരായ പ്രക്ഷോഭം തുടരും;വീരേന്ദ്ര കുമാറിന് താല്‍പര്യമെങ്കില്‍ മടങ്ങി വരാം: വൈക്കം വിശ്വന്‍

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന് താല്‍പര്യമുണ്ടെങ്കില്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവരാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ട്. ഇവര്‍ തിരിച്ചുവരുന്നതിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ചര്‍ച്ച നടത്തിയിട്ടില്ലെന്നും പി.സി. ജോര്‍ജിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

ഇടതുമുന്നണിയിലേക്ക് കെ.എം.മാണിയെ വേണ്ട. നിയമസഭയ്ക്ക് അകത്തും പുറത്തും മാണിക്കെതിരെ പ്രക്ഷോഭം തുടരും. അന്തിമരൂപം തിങ്കളാഴ്ച എല്‍ഡിഎഫ് തീരുമാനിക്കുമെന്നും വിശ്വന്‍ പറഞ്ഞു.

ഒരു ഘട്ടത്തില്‍ ധനമന്ത്രി കെ.എം. മാണി ഇടത് മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രസ്താവന. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കം. ഇതിനായി ഇടനില നിന്നതു താനായിരുന്നു. ഇത് നേരിടാന്‍ മുഖ്യമന്ത്രി കൊണ്ടുവന്നാണ് ബാര്‍ കോഴ ആരോപണമെന്നും പി.സി.ജോര്‍ജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് വൈക്കം വിശ്വാന്റെ പ്രതികരണം.

Top