വീനസിനെ പരാജയപ്പെടുത്തി സെറീന യുഎസ് ഓപ്പണിന്റെ സെമിയില്‍ കടന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ ‘സിസ്റ്റേഴ്‌സ് ഫൈറ്റില്‍’ സെറീനയ്ക്കു ജയം. ക്വാര്‍ട്ടറില്‍ സഹോദരി വീനസിനെ പരാജയപ്പെടുത്തി സെറീന വില്യംസ് സെമിയില്‍ കടന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം.

ആദ്യ സെറ്റ് 6-2 നു സെറീന സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചുവരവാണ് വീനസ് നടത്തിയത്. അനുജത്തിയെ വിറപ്പിച്ച വീനസ് രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കി. എന്നാല്‍ കലണ്ടര്‍ സ്ലാമെന്ന സ്വപ്നനേട്ടത്തിലേക്ക് കുതിക്കുന്ന സെറീന മൂന്നാം സെറ്റില്‍ സഹോദരിയെ നിഷ്പ്രഭമാക്കി സെറ്റും ജയവും സ്വന്തമാക്കി. സ്‌കോര്‍: 6-2, 1-6, 6-3.

1988ല്‍ ജര്‍മന്‍താരം സ്റ്റെഫി ഗ്രാഫ് ഒരു കലണ്ടര്‍ വര്‍ഷത്തിലെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കിയശേഷം മറ്റാര്‍ക്കും ആ നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. ആദ്യ സ്വപ്നനേട്ടമാണ് സെറീനയ്ക്ക് കൈയെത്തും ദൂരത്ത് എത്തിയിട്ടുള്ളത്. മാത്രവുമല്ല സ്റ്റെഫിയുടെ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താനും ഇതിലൂടെ സെറീനയ്ക്ക് കഴിയും.

Top