മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് വി.എസ്… ജെഡിയുവും ആര്‍എസ്പിയും ഇടതിലേക്ക്‌

തിരുവനന്തപുരം: ആര്‍എസ്പിയെയും ജെഡിയുവിനെയും അടര്‍ത്തിമാറ്റി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാനുള്ള വി.എസിന്റെ നീക്കം അവസാന റൗണ്ടിലേക്ക്.

അരുവിക്കര പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് പാളയം വിട്ട് ഇടതുമുന്നണിയുടെ ഭാഗമാകാന്‍ ജെഡിയു തീരുമാനിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.

വി.എസുമായി നടന്ന രഹസ്യ ചര്‍ച്ച ജെഡിയു നേതാവ് വീരേന്ദ്ര കുമാര്‍ പരസ്യമായി നിഷേധിച്ചെങ്കിലും ഇരു വിഭാഗങ്ങളുമായി പരസ്പരം ആശയവിനിമയം നടന്നുകഴിഞ്ഞതായാണ് സൂചന.

ജനതാ പാര്‍ട്ടികള്‍ ലയിച്ച് ജനതാ പരിവാറിന്റെ ഭാഗമായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ യുഡിഎഫ് വിടാന്‍ ജെഡിയുവിന് ധാര്‍മികമായും അവകാശമുണ്ട്.

നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായുള്ള ജനതാദളിന് നല്‍കുന്നതിനേക്കാള്‍ പരിഗണന ജനപിന്‍തുണയുള്ള തങ്ങളുടെ വിഭാഗത്തിന് ഇടത് മുന്നണി നല്‍കണമെന്നതാണ് ജെഡിയു നേതാക്കള്‍ വി.എസിന് മുന്നില്‍ വച്ച പ്രധാന ഉപാധി.

ലയനത്തോടെ ഇരു ജനതാദളുകളും ഒരേ പാര്‍ട്ടിയായാലും മാത്യു ടി തോമസ് എംഎല്‍എ നേതൃത്വം നല്‍കുന്ന വിഭാഗത്തോട് ഒരേ മനസായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വീരേന്ദ്രകുമാര്‍ പക്ഷം.

ഇക്കാര്യം ജെഡിയു നേതാവും ജനതാ പരിവാറിലെ പ്രധാന നേതാവുമായ ശരത് യാദവിനോടും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും കേരള ഘടകം വ്യക്തമാക്കിയിട്ടുണ്ട്. ലയനമുണ്ടായാലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീരേന്ദ്രകുമാറിന് തന്നെയായിരിക്കണമെന്നതാണ് അവരുടെ ആവശ്യം.

ജെഡിയുവിന്റെ ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്ന ഇടത് ഘടകകക്ഷിയായ ജനതാദള്‍ ദേവഗൗഡ വിഭാഗം വീരേന്ദ്രകുമാറിനും സംഘത്തിനും അമിത പ്രാധാന്യം നല്‍കേണ്ടെന്ന നിലപാടിലാണ്. സിപിഎം പിണറായി വിഭാഗം നേതാക്കളെ കൂട്ടുപിടിച്ച് ജെഡിയുവിന്റെ നീക്കം പ്രതിരോധിക്കാനാണ് അവരുടെ ശ്രമം.

്അതേസമയം ജനതാപാര്‍ട്ടികളുടെ ലയനം ഒരു യാഥാര്‍ത്ഥ്യമായതിനാല്‍ ജെഡിയുവില്‍ ലയിച്ച സോഷ്യലിസ്റ്റ് ജനതക്കും, ഇടതുഘടകകക്ഷിയായ ജനതാദള്‍ എസിനും ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ അനുസരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള വീരേന്ദ്രകുമാറിന്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

നവംബറില്‍ ലയിച്ച് ഒന്നാകുന്ന ജനതാ പരിവാറിന്റെ സംസ്ഥാന അദ്ധ്യക്ഷനായി വീരേന്ദ്രകുമാറിനെ നിയമിക്കണമെന്ന ശരത് യാദവിന്റെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നിലപാടിന് മുലായംസിംഗ് യാദവിന്റെ പിന്‍തുണയുള്ളതിനാല്‍ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നില പരുങ്ങലിലാകും. സാക്ഷാല്‍ ദേവ ഗൗഡക്ക് പോലും നിലവിലെ സാഹചര്യത്തില്‍ കേരള ഘടകത്തിന് വേണ്ടി വാശിപിടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ജനപിന്‍തുണയുള്ള ജനതാ വിഭാഗം വീരേന്ദ്രകുമാര്‍ വിഭാഗമാണെന്നതിനാല്‍ ഇക്കാര്യം തര്‍ക്ക വിഷയമാക്കി ദേശീയതലത്തിലെ കൂട്ടുകെട്ടിനെ തുടക്കത്തിലെ കല്ലുകടിയാക്കേണ്ടെന്ന നിലപാടിലാണ് ദേവഗൗഡ.

ലയനം യാഥാര്‍ത്ഥ്യമായാല്‍ വര്‍ക്കിംഗ് പ്രസിഡന്റായി മാത്യു ടി തോമസിനെ നിയമിക്കണമെന്ന നിര്‍ദേശമുന്നയിക്കാനാണ് ജനതാദള്‍ (എസ്) നേതാക്കളുടെ തീരുമാനം. രണ്ട് അംഗങ്ങളുള്ള ജെഡിയു മുന്നണി വിട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.

കേരള കോണ്‍ഗ്രസ് ബിയും പി.സി ജോര്‍ജും വേറിട്ട് നില്‍ക്കുന്നതിനാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സ്പീക്കറെ ആശ്രയിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടാകും.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് മാന്യത കൊണ്ടാണെന്നും ഇനി ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടെന്ന് ജെഡിയുവും പി.സി ജോര്‍ജും യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വി.എസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇടതുപക്ഷത്തേക്ക് കൂടുമാറാന്‍ ആര്‍എസ്പിയും അണിയറയില്‍ തയ്യാറെടുക്കുകയാണ്.

സംസ്ഥാന സെക്രട്ടറി അസീസിന്റെയും ഷിബു ബേബി ജോണിന്റെയും ചില നിലപാടുകളാണ് ആര്‍എസ്പിയുടെ മടക്കയാത്ര വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആര്‍എസ്പിയും ജെഡിയുവും ഇടതുപക്ഷത്തേക്ക് കൂടുമാറി വന്നാലും തട്ടിക്കൂട്ട് മന്ത്രിസഭയുണ്ടാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന ഘടകം. 25ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധമായ തീരുമാനമുണ്ടാകും.

വി.എസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇത്. പൊതു തിരഞ്ഞെടുപ്പിലേക്ക് പോകാമെന്നാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടും നിര്‍ണായകമാകും.

അതേസമയം വി.എസിന് ആരോഗ്യം അനുവദിച്ചാല്‍ വീണ്ടും മത്സരിക്കാമെന്ന സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. യെച്ചൂരിയുടെ സ്ഥാനാരോഹണത്തോടെ അപ്രസക്തമായ പി.ബി കമ്മീഷനെ ഇനി ആശ്രയിച്ചിട്ട് കാര്യമില്ലെന്നാണ് പിണറായി വിഭാഗം നേതാക്കള്‍.

ഇതിനാല്‍ തന്നെ ദേശീയ ഘടകത്തിലെ മാറ്റത്തിന് അനുസൃതമായി സംസ്ഥാന ഘടകവും മാറാതിരിക്കാന്‍ നേതാക്കള്‍ക്കിടയില്‍ ശക്തമായ ഇടപെടലുകളാണ് പിണറായി വിഭാഗം നടത്തുന്നത്.

Top