വീണ്ടും മാവോയിസ്റ്റ് ആക്രമണമുണ്ടാകും: സിആര്‍പിഎഫ്

റായ്പുര്‍ : ഛത്തീസ്ഗഡില്‍ തെക്കന്‍ ബസ്തറിലെ സുക്മയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു സിആര്‍പിഎഫ്. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ആയുധങ്ങള്‍ ഇവര്‍ തട്ടിയെടുത്തിരുന്നു. പത്ത് എകെ47 തോക്കുകളും ഇതില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ വീണ്ടും ആക്രമണം നടക്കുമെന്നു സിആര്‍പിഎഫ് വൃത്തങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 14 ജവാന്‍മാരാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരുക്കേറ്റു.

ആക്രമണ ശേഷം പന്ത്രണ്ടോളം തോക്കുകളും നാനൂറോളം തിരികളും മാവോയിസ്റ്റുകള്‍ തട്ടിയെടുത്തു. ഇതില്‍ മൂന്നു തോക്കുകളില്‍ ഗ്രനേഡുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. സിആര്‍പിഎഫ് നടത്തിയ പ്രത്യാക്രമണത്തില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു. നാലു മണിക്കൂര്‍ നീണ്ട പോരാട്ടം നീണ്ടുനിന്നു. ഗ്രാമവാസികളെ മനുഷ്യകവചമായി ഉപയോഗിച്ചതു കൊണ്ടാണ് ആള്‍നാശം ഉയര്‍ന്നതെന്നു സിആര്‍പിഎഫ്. കരുതലോടെയാണു സേന തിരിച്ചടിച്ചത്. മേഖലയില്‍ പരിശോധന തുടരുകയാണ്. വ്യോമയേനയുടെ രണ്ടു ഹെലികോപ്റ്ററുകളും തെരച്ചിലില്‍ പങ്കാളികളാണ്. പത്തു ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ രണ്ടാമത്തെ മാവോയിസ്റ്റ് ആക്രമണമാണു കഴിഞ്ഞ ദിവസം ഉണ്ടായത്.

Top