പാട്ടുത്സവ വിവാദത്തില്‍ റിമി ടോമിക്ക് സരിത എസ് നായരുടെ പിന്‍തുണ

കൊച്ചി: പാട്ടുത്സവ വിവാദത്തില്‍ ഗായിക റിമി ടോമിയെ പിന്‍തുണച്ച് സോളാര്‍ ‘നായിക ‘സരിത നായര്‍ രംഗത്ത്. ജന്മനാ കാഴ്ച നഷ്ടപ്പെട്ട അന്‍ഷി എന്ന കൊച്ചുകുട്ടിക്ക് പാടാന്‍ അവസരം നല്‍കാതെ അപമാനിച്ചതിനല്ല, മറിച്ച് പാട്ടുത്സവ വേദിയില്‍ വീട്ടമ്മയെ സരിതാ നായരെന്ന് വിളിച്ച് നൃത്തം ചെയ്യിപ്പിച്ച റിമിയുടെ ‘മിടുക്കി’നാണ് സരിതാ നായരുടെ പിന്‍തുണ.

നിലമ്പൂര്‍ നഗരസഭയുടെ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ വേദിയില്‍ ഗാനമേള അവതരിപ്പിക്കുകയായിരുന്ന റിമിടോമി കുടുംബത്തോടൊപ്പം പരിപാടി കാണാനെത്തിയ വീട്ടമ്മയെ സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തി നൃത്തം ചെയ്യിപ്പിച്ച നടപടിയെ പിന്‍തുണച്ചാണ് സരിത രംഗത്ത് വന്നിട്ടുള്ളത്.
സരിതാ നായരെന്നത് മോശം പേരല്ലെന്നും ഒരു നര്‍ത്തകി കൂടിയായ തനിക്ക് ഈ സംഭവങ്ങളെ പോസിറ്റീവായി മാത്രമെ കാണാനാകു എന്നും സരിത പറഞ്ഞു.

വീട്ടമ്മയെ പിടിച്ചുകൊണ്ടുവന്നൊന്നും നൃത്തം ചെയ്യിപ്പിച്ചതല്ലല്ലോ? നിര്‍ബന്ധിച്ചിട്ടാണെങ്കിലും അവര്‍ സ്വയം വന്നല്ലേ നൃത്തം ചെയ്തതെന്നാണ് സരിത ചോദിക്കുന്നത്. ഫേസ്ബുക്കില്‍ വന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സ്‌റ്റേജില്‍ നൃത്തം ചെയ്യുന്ന സ്ത്രീകളുടെ കൂടെ നൃത്തം അറിയുന്നവര്‍ നൃത്തം ചെയ്താല്‍ അത് വലിയ അപരാധമല്ലെന്നും ഇങ്ങനെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കെങ്കിലും നൃത്തപരിപാടി അവതരിപ്പിക്കാന്‍ പറ്റുമോയെന്നും സരിത ചോദിച്ചു. പാട്ടുത്സവ വേദിയില്‍ വീട്ടമ്മയ്‌ക്കൊപ്പം അപരിചതനായ യുവാവിനെ നൃത്തം ചെയ്യിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സരിതയുടെ മറുപടി.

മുഴുവന്‍ പ്രതിഫലതുകയും മുന്‍കൂറായി കിട്ടാതെ പാടില്ലെന്ന് വാശി പിടിച്ചും പരിപാടി വൈകിപ്പിച്ചും അന്ധയായ പെണ്‍കുട്ടിക്ക് സാഘാടകര്‍ പാടാന്‍ അവസരം നല്‍കിയതിനെതിരെ പ്രതികരിച്ച റിമിടോമിക്കെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ പ്രതിഷേധം കത്തിപ്പടരവെയാണ് റിമിയെ ന്യായീകരിച്ച് വിവാദ നായിക രംഗത്ത് വന്നിരിക്കുന്നത്.

പാട്ടുത്സവ വേദിയില്‍ റിമിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അപരിചിതനായ യുവാവിനൊപ്പം വീട്ടമ്മയ്ക്ക് നൃത്തം ചെയ്യേണ്ടിവന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിന്‌ശേഷം പരിപാടിയുടെ പ്രധാന സ്‌പോണ്‍സറെ വേദിയിലേക്ക് ക്ഷണിച്ച് വീട്ടമ്മയ്ക്ക് രണ്ട് പവന്റെ കമ്മല്‍ സമ്മാനമായി നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും അത് ലഭിച്ചില്ലെങ്കില്‍ വിവരം തന്നെ വിളിച്ചറിയിക്കാന്‍ വീട്ടമ്മയെ ഉപദേശിച്ച റിമി ഈ കാര്യം താന്‍ തന്റെ ചാനല്‍ പ്രോഗ്രാമിലൂടെ വിളിച്ചറിയിച്ച് സ്‌പോണ്‍സറെ അപമാനിക്കുമെന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.

റിമിയുടെ അമ്മയോ സഹോദരിമാരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ വേദിയിലേക്ക് വിളിച്ച് വരുത്തി അപമാനിക്കുമോ എന്നാണ് പാട്ടുത്സവ വേദിയില്‍ നിന്നുയര്‍ന്ന ചോദ്യം. നിലമ്പൂരിലെ സ്ത്രീകള്‍ ആത്മാഭിമാനമുള്ളവരാണെന്നും പരിപാടിക്കിടെ പ്രശ്‌നമുണ്ടാകരുതെന്ന് കരുതി സംയമനം പാലിച്ചതാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Top