വീക്ഷണം ദിനപത്രത്തിന്റെ മുഖപ്രസംഗം പരിഹാസ്യമാണെന്ന് പിണറായി വിജയന്‍

ചെങ്ങന്നൂര്‍: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗം പരിഹാസ്യമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.

വീക്ഷണത്തില്‍ വരുന്നതിനെയൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ത്തന്നെ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

വര്‍ഷങ്ങളായി ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ. വീക്ഷണത്തിന്റെ നിലപാട് ജനം പുച്ഛിച്ചു തള്ളുമെന്ന് പിണറായി പറഞ്ഞു. ചെങ്ങന്നൂരില്‍ പാര്‍ട്ടി അനൂകൂല പാലിയേറ്റീവ് സൊസൈറ്റിയുടെ വീല്‍ ചെയര്‍ വിതരണത്തിന് എത്തിയതായിരുന്നു പിണറായി.

അതിനിടെ, ഇടതുകക്ഷികള്‍ യുഡിഎഫ് പാളയത്തിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സിപിഐയെയും യുഡിഎഫിലേക്ക് സ്വീകരിക്കുമെന്ന് വീക്ഷണം മുഖപ്രസംഗത്തക്കുറിച്ച് പ്രതികരിക്കവെ ചെന്നിത്തല വ്യക്തമാക്കി.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഇന്നു മുഖപ്രസംഗം എഴുതിയിരുന്നു. സിപിഎമ്മിന്റെ കളങ്കിത ബന്ധത്തില്‍ നിന്നു സിപിഐ പുറത്തു വരണമെന്നായിരുന്നു മുഖപ്രസംഗത്തിന്റെ കാതല്‍.

Top