അരുവിക്കര: നെയ്യാറ്റിന്‍കര ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ സിപിഐ (എം) നേതൃത്വം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നതോടെ അരുവിക്കരയില്‍ നെയ്യാറ്റിന്‍കര ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ സിപിഎം.

അരുവിക്കരയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വി.എസിനെ ക്ഷണിക്കാതെ മൂലക്കിരുത്തിയ സിപിഎം ഔദ്യോഗിക നേതൃത്വത്തോട്, തന്നോട് ആലോചിച്ചിട്ടല്ല വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നു തുറന്നടിച്ചാണ് വി.എസ് പ്രതിരോധിച്ചത്.

ഇതോടെ വി.എസ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് ദിവസത്തില്‍ വി.എസ് പാര്‍ട്ടി വിലക്ക് ലംഘിച്ച് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതാണ് സിപിഎമ്മിനു തിരിച്ചടിയായത്.

സിപിഎമ്മിനു അനുകൂലമായിരുന്ന തെരഞ്ഞെടുപ്പ് രംഗം വി.എസിന്റെ സന്ദര്‍ശനത്തോടെ പ്രതികൂലമാകുകയായിരുന്നു. സിപിഎം എംഎല്‍എ സ്ഥാനം രാജിവച്ച് നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിയായി വിജയിച്ച സെല്‍വരാജ് ആദ്യം നന്ദിയറിച്ചതും വി.എസിനെയാണ്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി.എസിന്റെ നിലപാട് തോല്‍വിക്കു കാരണമായെന്ന വിലയിരുത്തലാണ് പിണറായി പക്ഷത്തിനുള്ളത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയസാധ്യത ഉണ്ടായിട്ടും വി.എസിനെ അവഗണിച്ച് പ്രകോപിപ്പിക്കുന്നത് സിപിഎമ്മിനു തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചാല്‍ യുഡിഎഫ് വിടാനൊരുങ്ങുന്ന ജനതാദള്‍ യുണൈറ്റഡും ആര്‍എസ്പിയും ഇടതുമുന്നണിയിലെത്താനുള്ള സാധ്യത ഏറെയാണ്.

ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ വീഴുകയും ഇടതുമുന്നണിക്ക് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുകയും വേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായ വി.എസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. വി.എസിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ പിണറായി പക്ഷം അനുവദിക്കില്ല.

ബാര്‍ കോഴ വിവാദം ഉയരുന്നതിനു മുമ്പു തന്നെ കെ.എം മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകളും വഴിമുട്ടിയത് വി.എസിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തികാട്ടി മത്സരിക്കാനാണ് സിപിഎം ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്.

എന്നാല്‍ വി.എസിനെ അവഗണിച്ച് പിണറായിയെ മുന്‍ നിര്‍ത്തിയുള്ള അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാകും.

അരുവിക്കരയില്‍ സിപിഎം പരാജയപ്പെട്ടാല്‍ അത് വി.എസിന്റെ കൂടി വിജയമാകും. തെരഞ്ഞെടുപ്പ് വിജയത്തിനു വി.എസ് വേണമെന്ന നിലപാട് പാര്‍ട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാനും വി.എസിനു കഴിയും.

Top