വി.എസ് പാര്‍ട്ടി വിട്ടാല്‍ അണിചേരാന്‍ മുന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍

കോഴിക്കോട്: വി.എസ് അച്യുതാനന്ദന്‍ സിപിഎമ്മിനോട് വിടപറഞ്ഞാല്‍ അദ്ദേഹത്തോടൊപ്പം അണിനിരക്കാന്‍ പഴയ എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതാക്കള്‍ തയ്യാറെടുക്കുന്നു.

പാര്‍ട്ടി വിരുദ്ധനെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ വി.എസിന് ഇനി സിപിഎം അണികളെ നേതാവെന്ന നിലയില്‍ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നിരിക്കെ ‘എരിതീയില്‍ എണ്ണയൊഴിച്ച് ‘ ഇ.പിജയരാജന്‍ രംഗത്ത് വന്നത് കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്.

വി.എസിന് പിണറായിയോട് അസൂയയാണെന്നാരോപിച്ച ജയരാജന്‍ വി.എസ് ബാഹ്യശക്തികളുടെ പിടിയിലാണെന്നും പ്രയാധിക്യത്തിന്റെ പ്രശ്‌നം അദ്ദേഹത്തിനുണ്ടെന്നും തുറന്നടിച്ചിരുന്നു. ജയരാജന്റെ ഈ പ്രസ്താവന വി.എസിനെ പ്രകോപിതനാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. സിപിഎം അണികളിലെ ഒരു വിഭാഗം അനവസരത്തിലെ പ്രസ്താവനയായാണ് ജയരാജന്റെ പ്രസ്താവനയെ കാണുന്നത്.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും സോളാര്‍ കമ്മീഷന് മുന്‍പില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കിയും ‘തന്ത്രപരമായ’ നീക്കം നടത്തിയ വി.എസ് തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് ഉടനെതന്നെ മറുപടി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് ശേഷം രാഷ്ട്രീയ സാഹചര്യം മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി വെട്ടി നിരത്തപ്പെട്ട എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പഴയ കേഡര്‍മാര്‍ വി.എസിന്റെ തീരുമാനത്തിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ വി.എസിന്റെ നിലപാടുകള്‍ക്കനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അനവധി വിദ്യാര്‍ത്ഥി- യുവജന പ്രവര്‍ത്തകരാണ് നേതൃസ്ഥാനത്ത് നിന്ന് വെട്ടി നിരത്തപ്പെട്ടിരുന്നത്.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും സുവര്‍ണ കാലഘട്ടമായിരുന്ന 1990-2000 കാലഘട്ടങ്ങളില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി വിപ്ലവ യുവജന – വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇവരില്‍ ഭൂരിപക്ഷവും.

പാര്‍ട്ടി വിഭാഗീയതയുടെ മറപിടിച്ച് അഭിനവ ‘സഖാക്കള്‍’കളം പിടിച്ചപ്പോള്‍ പുറംതള്ളപ്പെടുകയോ നിരാശരായി പാര്‍ട്ടിയോട് ഗുഡ് ബൈ പറയുകയോ ചെയ്ത ഇവരിലധികവും ഇപ്പോള്‍ വിവധ മേഖലകളില്‍ ജോലിചെയ്ത് ജീവിക്കുകയാണ്.

മനസിലെ വിപ്ലവ വീര്യം ഇപ്പോഴും കെടാതെ നില്‍ക്കുന്ന ആ പഴയ സഖാക്കള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം മുന്‍ നിര്‍ത്തി എല്ലാ ജില്ലകളിലെയും സമാന ചിന്താഗതിക്കാരായ പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

സ്വയം തളച്ചിട്ട കളത്തിലെ അഴുക്ക് കഴുകിക്കളഞ്ഞ് പുറത്ത് വരാന്‍ വി.എസ് തയ്യാറായാല്‍ തലസ്ഥാനത്ത് മുന്‍ എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം.

വി.എസ് പുറത്തിറങ്ങിയാല്‍ നിലവില്‍ പാര്‍ട്ടി സംഘടനാ ചട്ടക്കൂടില്‍ തളച്ചിടപ്പെട്ട നല്ലൊരു വിഭാഗം അണികളും ചങ്ങലപൊട്ടച്ച് പുറത്തുവരുമെന്നാണ് വി.എസ് അനുകൂലികളുടെ പ്രതീക്ഷ.

Top