വി.എസ് കരുത്തനായ നേതാവ്; കവിത ചൊല്ലി അപമാനിച്ചിട്ടില്ല: ചിന്ത ജെറോം

തിരുവനന്തപുരം: സിപിഎമ്മിന്റെ കരുത്തനായ നേതാവാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത ജെറോം. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തില്‍ ‘വിവാദ കവിത’ചൊല്ലി വി.എസിനെ അപമാനിച്ചതായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ചിന്ത.

അനവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി.എസിന്റെ സംഭാവനകള്‍ കണ്ടില്ലെന്ന് നടിക്കുന്നവര്‍ ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്തവരാണെന്നും എസ്എഫ്‌ഐ നേതാവ് തുറന്നടിച്ചു.

വിവാദ ‘പരാമര്‍ശ’ആരോപണത്തെ തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് എസ്എഫ്‌ഐ നേതാവും വിശദീകരണവുമായി രംഗത്ത് വന്നിട്ടുള്ളത്. ‘ത്യാഗ നിര്‍ഭരവും ധീരതാ പുര്‍ണവുമായ ഒരു കാലഘട്ടത്തിന്റെ സഷ്ടിയാണ്’ വി.എസ് എന്നാണ് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

പാര്‍ട്ടിയുടെ സംഘടനാ രീതിയെക്കുറിച്ച് അറിയാത്തവരാണ് വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചിന്ത ജെറോം, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിലപാടില്‍ വി.എസിനെതിരെ താന്‍ കവിത ചൊല്ലി വിമര്‍ശിച്ചതായി വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ സച്ചിതാനന്ദന്റെ കവിത ഓര്‍മ്മിപ്പിച്ച് പരിഹസിക്കുന്നുമുണ്ട്.

ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിശദാംശങ്ങള്‍ ചുവടെ

നുണകള്‍ കൊണ്ട് വേട്ടയാടപ്പെട്ടവരെ ചരിത്രം ഓരോ കാലങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. അതെവിടെയും അവസാനിക്കുന്നില്ല, തുടരുക തന്നെയാണ്. അതില്‍ ഞാന്‍ ഒരു ഇരയായി നില്‍ക്കുന്നിടത്ത് നിന്നാണ് എനിക്ക് ഈ കുറിപ്പെഴുതേണ്ടി വന്നിരിക്കുന്നതും. വസ്തുതാപരമായ വിമര്‍ശനങ്ങളാണ് എനിക്കെതിരെ ഉണ്ടാവുന്നത് എങ്കില്‍ അതിന് മറുപടി പറയേണ്ട ബാധ്യത എനിക്കുണ്ട്. എന്നാല്‍ യാതൊരു വസ്തുതകള്‍ക്കും നിരക്കാത്ത, എന്റെ ചിന്തകളില്‍ പോലും കടന്നുവരാത്ത, നുണകളാല്‍ പുറംതള്ളപ്പെട്ട വാര്‍ത്തകള്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് നിങ്ങള്‍ക്ക് നല്‍കേണ്ടത്?

ഇക്കഴിഞ്ഞ സമ്മേളനത്തിന്റെ ഭാഗമായി എന്റെയും മറ്റ് പല പ്രതിനിധി സഖാക്കളുടെയും പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും, അതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന നവമാധ്യമപ്രതികരണങ്ങളും ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്. അതുകൊണ്ട് തന്നെ അതിലൊരു വിശദീകരണം നല്‍കാതെ മാറിനില്‍ക്കാന്‍ എനിക്ക് സാധിക്കില്ല.

പാര്‍ട്ടിയുടെ സംഘടനാരീതികളെ കുറിച്ച് അറിയുന്നവര്‍ക്ക് വാര്‍ത്തകളുടെ സത്യാവസ്ഥയെക്കുറിച്ചറിയാമായിരിക്കും. അവര്‍ ഈ വാര്‍ത്ത തള്ളിക്കളയുകയും ചെയ്യും. എന്നാല്‍ ഈ വ്യാജപ്രചരണങ്ങള്‍ പാര്‍ട്ടിയുടെ സമ്മേളനരീതികളെ കുറിച്ചറിയാത്ത പലരെയും വിശ്വസിപ്പിക്കാന്‍ തക്കതാണെന്ന് ഞങ്ങള്‍ക്കെല്ലാം വ്യക്തമായ ബോധ്യമുണ്ട്. ഈ വാര്‍ത്തകളുടെയെല്ലാം ലക്ഷ്യം എന്താണെന്നും അതിലൂടെ വ്യക്തമാണല്ലോ.

നിങ്ങള്‍ക്കെല്ലാം അറിയുന്ന ഒരു കാര്യം ഞാന്‍ ആദ്യമേ ഓര്‍മ്മിപ്പിക്കട്ടെ. പാര്‍ട്ടി സമ്മേളനങ്ങളും, പൊതുയോഗവും രണ്ടും രണ്ടാണ്. തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും, നിരീക്ഷകരും അല്ലാതെ മറ്റാരും ഒരു സമ്മേളനത്തില്‍ പ്രവേശിക്കുകയില്ല. തികഞ്ഞ കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയുടെ സമ്മേളനോദ്ഘാടനങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനമുള്ളൂ. ഉദ്ഘാടനപരിപാടികള്‍ അവസാനിച്ച് അവസാന മാധ്യമപ്രവര്‍ത്തകനും ഹാള്‍ വിട്ടു പോയതിന് ശേഷം മാത്രം നടക്കുന്ന റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും എങ്ങനെയാണ് മാധ്യമങ്ങളില്‍ വരുന്നത്. വാര്‍ത്തകള്‍ വരുന്ന രീതികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്നെ പല ചര്‍ച്ചകളിലും ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ആ വാര്‍ത്തകള്‍ക്കൊന്നും തന്നെ യാതൊരുവിധ ആധികാരികതയും അവകാശപ്പെടാനാവില്ല. ഊഹങ്ങള്‍ക്കും സങ്കല്പകഥകള്‍ക്കുമപ്പുറം എന്ത് ആധികാരികതയാണ് ആ വാര്‍ത്തകള്‍ക്കുള്ളത്?

ഒരു സമ്മേളനത്തില്‍ വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളുമുണ്ടാവുന്നത് സാധാരണമാണ്. പക്ഷേ, ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലല്ലാതെ മറ്റൊരിടത്തും നമ്മള്‍ ഉയര്‍ത്താറുമില്ല. അതാണ് കമ്മ്യൂണിസ്റ്റ് രീതി. ആ രീതിയാണ് ഞാനടക്കമുള്ള ഒരോ കമ്മ്യൂണിസ്റ്റും പിന്തുടരേണ്ടതും. ഏതെങ്കിലും പൊതുഇടങ്ങളില്‍ ഞാന്‍ ഏതൊരു കമ്മ്യൂണിസ്റ്റിനെക്കുറിച്ചും വിമര്‍ശനമുന്നയിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ പരസ്യവിചാരണ ചെയ്യാം. അതല്ലാതെ, വെറും കേട്ടറിവിന്റെ പേരില്‍, ഇത്തരം വ്യാജവാര്‍ത്തകളുടെ പേരില്‍ എനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ നിങ്ങള്‍ പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത, ധീരവിപ്ലവകാരികളെയെല്ലാം ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നാല്‍ അവരാരും തന്നെ എനിക്ക് പാര്‍ട്ടിയേക്കാള്‍ പ്രിയങ്കരരല്ല. ഇവിടെ ഞാന്‍ ഇല്ല, നമ്മളേ ഉള്ളൂ എന്ന് ഞാന്‍ സ്വയം ഓര്‍ത്തുകൊണ്ടിരിക്കുന്നു. സഖാവ് വി.എസിനെതിരെ ഞാന്‍ കവിത ചൊല്ലിക്കൊണ്ട് വിമര്‍ശിച്ചു എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങളെ ഞാന്‍ സച്ചിദാനന്ദന്റെ ഒരു കവിതാശകലം ഓര്‍മ്മിപ്പിക്കുന്നു.
‘ഏതായിരുന്നു മിഥ്യ,
ഏതാണ് യാഥാര്‍ത്ഥ്യം
എനിക്ക് അതറിയേണ്ട
വാക്കില്‍ പറയാനാകാത്തതിന്
വ്യാകരണനിയമങ്ങളില്ല
ആരംഭിക്കാത്തതൊന്നും
അവസാനിക്കുന്നുമില്ല!’

Top