വി.എസ്സിനെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ചാനല്‍ ‘ബുദ്ധി ജീവികളെ’ കാണാനില്ല..!

തിരുവനന്തപുരം: രാഷ്ട്രീയ ചര്‍ച്ചകളില്‍ ടെലിവിഷനുകളിലെ ‘നിറ കാഴ്ചയായ’ വി.എസ് വിരുദ്ധരെ അരുവിക്കര ചര്‍ച്ചയില്‍ കാണാനില്ല.

സിപിഎം ആഭ്യന്തര രാഷ്ട്രീയത്തില്‍ കടുത്ത വി.എസ് വിരുദ്ധരായി അറിയപ്പെടുന്ന ദേശാഭിമാനി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ മാധവന്‍കുട്ടി, ഇടത് സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്ര ബാബു എന്നിവരാണ് കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ അദൃശ്യരായത്.

ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമായ പക്ഷം പിടിച്ച് വി.എസ് അച്യുതാനന്ദനെ കടിച്ച് കീറുന്ന ഇരുവരെയും രാഷ്ട്രീയ ചര്‍ച്ചകളില്‍ കാണാതിരിക്കുന്നത് ഇതിനകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോഴത്തെ ‘പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍’ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നിര്‍ദേശം കൂടി മാനിച്ചാണ് വി.എസ് വിമര്‍ശകര്‍ പ്രത്യക്ഷപ്പെടാത്തതെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന.

അരുവിക്കരയിലെ പ്രചരണ നായകത്വം ഏറ്റെടുത്ത് മുന്നേറുന്ന വി.എസിനെ ന്യായീകരിക്കേണ്ടി വരുമെന്നതും ഇരുവരുടെയും പിന്മാറ്റത്തിന് പ്രധാന കാരണമാണ്.

വി.എസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ശക്തമായി വാദിക്കുന്ന മാധവന്‍കുട്ടിയും ഭാസുരേന്ദ്ര ബാബുവും ആലപ്പുഴ സമ്മേളനത്തിന് തൊട്ടുമുന്‍പ് പിണറായി വിജയന്‍, വി.എസിനെ ‘പാര്‍ട്ടി വിരുദ്ധനെന്ന്’ വിശേഷിപ്പിച്ചതിനെ ശക്തമായി ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.

സമ്മേളന നഗരിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതിനെയും അടുത്തയിടെ കോടിയേരി നടത്തിയ പരസ്യ വിമര്‍ശനത്തെയും ന്യായീകരിച്ച ഈ ഇടത് സഹയാത്രികര്‍ പി.ബി കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതോടെ വി.എസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രവചനവും നടത്തുകയുണ്ടായി.

വി.എസ് എന്ന ‘വിഗ്രഹത്തെ’ ആരാധിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയായി കാണുകയും, പഴയ ജനപിന്‍തുണ അദ്ദേഹത്തിന് നഷ്ടപ്പെട്ടതായും വിലയിരുത്തുന്ന ഭാസുരേന്ദ്ര ബാബുവും മാധവന്‍കുട്ടിയും അരുവിക്കരയിലെ വി.എസ് ‘ഷോ’ കണ്ണ് തുറന്ന് കാണണമെന്നാണ് വി.എസ് അനുകൂലികളുടെ ആവശ്യം.

93-ന്റെ നിറവിലും താര പ്രചാരണങ്ങളെ നിഷ്പ്രഭമാക്കി വി.എസ് നടത്തുന്ന പ്രചരണങ്ങളാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ കുന്തമുന എന്ന് മനസിലാക്കി വേണം ഇനി വിമര്‍ശിക്കാന്‍ വരാനെന്നാണ് മാധവന്‍കുട്ടിക്കും ഭാസുരേന്ദര ബാബുവിനുമുള്ള വി.എസ് ആരാധകരുടെ മുന്നറിയിപ്പ്.

സംഘടനാ സംവിധാനം ശക്തമായത് കൊണ്ട് മാത്രം ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയില്ലെന്നും അതിന് ജനങ്ങള്‍ അംഗീകരിക്കുന്ന ‘ഹീറോകള്‍’ തന്നെ വേണമെന്നുള്ള സാക്ഷ്യപ്പെടുത്തലാണ് അരുവിക്കര നല്‍കുന്നതെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് വി.എസും പിണറായിയും ഒറ്റക്കെട്ടായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കൂടി നേരിട്ടാല്‍ കേരളത്തില്‍ ചരിത്ര വിജയം സൃഷ്ടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി അണികള്‍.

Top