രോഷാകുലനായി വി.എസ്‌; പക വീട്ടിയാല്‍ കളിമാറുമെന്ന് സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകനെ പ്രോസിക്യൂട്ട് ചെയ്ത് വി.എസിന്റെ ചിറകരിയാമെന്ന യുഡിഎഫ് സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതത്തിനിടയാക്കാന്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ മണിക്കൂറുകള്‍ക്ക് മുന്നില്‍ ഇത്തരമൊരു നീക്കം യുഡിഎഫ് നടത്തിയത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിരോധവുമായി സിപിഎം ഇതിനകം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പു കാലമായതിനാല്‍ സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെ ഉദ്ദേശശുദ്ധി ചാനല്‍ ചര്‍ച്ചകളിലും പ്രകടമാണ്.

ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ റദ്ദാക്കി വിശ്രമിച്ച വി.എസ് ഇപ്പോള്‍ വീണ്ടും ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നാണ് മകനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തോടുള്ള വി.എസിന്റെ ആദ്യ പ്രതികരണം.

93-ാം വയസ്സിലും മുഖ്യമന്ത്രി സാധ്യത ഇപ്പോഴും സജീവമാക്കി നിര്‍ത്താന്‍ കഴിയുന്ന ഒരു നേതാവിനെ മാളത്തിലിട്ടു കുത്താന്‍ ശ്രമിച്ചതിന് യുഡിഎഫ് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് വി.എസുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും മാണിയുടെയുമെല്ലാം നിലനില്‍പ്പ് അപകടത്തിലാക്കുന്ന വിവരങ്ങള്‍ വി.എസ് വൈകാതെ പുറത്തുവിടുമെന്നും കാത്തിരിക്കാനുമാണ് ലഭിക്കുന്ന നിര്‍ദ്ദേശം.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകും എന്നതിലല്ല ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരായി ഉയര്‍ന്ന പരാതികളില്‍ കര്‍ക്കശമായ നടപടിയുണ്ടാകുമെന്നും അക്കാര്യത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ വേട്ടയാടുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിന് തന്നെ ചുമതല നല്‍കുമെന്നുമാണ് വി.എസ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ തന്നെ അഴിമതിക്കാരെ തുറങ്കിലടക്കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ‘ധാരണ’ ഉണ്ടായതിനു ശേഷം മാത്രമേ വിഎസ് പ്രചരണത്തിനിറങ്ങൂവെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ മാത്രമല്ല ആഭ്യന്തര മന്ത്രി ചെന്നിത്തലയെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ഇപ്പോള്‍ വി.എസ് സ്വീകരിച്ചിരിക്കുന്നത്.

യുഡിഎഫിലെ ഓരോ മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളുടെ ‘ബാക്ക് ഫയല്‍’ പരിശോധിക്കാനും വീഴ്ചകള്‍ കണ്ടെത്താനുമാണ് ശ്രമം.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയ മര്യാദ പോലും കാണിക്കാതെ പ്രതികാര ബുദ്ധിയോടെ നീങ്ങിയ യുഡിഎഫിനെ അതിന്റെ നൂറിരട്ടി ശക്തിയില്‍ തന്നെ നേരിടാനാണ് സിപിഎം തീരുമാനം.

വിഎസിന്റെ മകനെതിരായ തിരഞ്ഞെടുപ്പിന്റെ മണിക്കൂറുകളില്‍ എടുത്ത നിലപാട് മാത്രമല്ല സിപിഎം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചുവെന്നതും സിപിഎം നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന ഘടകമാണ്.

പാര്‍ട്ടിയെ തന്നെ നശിപ്പിക്കാന്‍ നടത്തിയ നീക്കമായിട്ടാണ് സിപിഎം നേതൃത്വം ഈ നിലപാടിനെ കാണുന്നത്.

അതിനാല്‍ തന്നെ കടുത്ത നടപടികള്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ തിരിച്ചും സംഭവിക്കുമെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്.

അതേസമയം സര്‍ക്കാരിന്റെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കം വിഎസിന്റെ ഭാഗത്തുനിന്ന് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ജനതാദള്‍ (യു) പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍, ആര്‍എസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ചന്ദ്രചൂഢന്‍, പ്രേമചന്ദ്രന്‍ എംപി, കേരള കോണ്‍ഗ്രസ്സില ജോസഫ് വിഭാഗം നേതാവും മുന്‍ ഇടുക്കി എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരുമായാണ് വിഎസ് നേരിട്ട് ഇടപെട്ട് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

Top