വി.എസില്‍ കണ്ണും നട്ട് യുഡിഎഫ് നേതൃത്വം; സിപിഎമ്മിലെ പൊട്ടിത്തെറിയില്‍ പ്രതീക്ഷ

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനില്‍ കണ്ണുംനട്ട് പ്രതീക്ഷയോടെ യുഡിഎഫ്. ബാര്‍ കോഴ വിവാദത്തിലും സരിതാ വിവാദത്തിലും പെട്ട് ഉഴലുന്ന സര്‍ക്കാരിനും മുന്നണിക്കും പ്രതീക്ഷയേകുന്ന വാര്‍ത്ത വിശാഖപട്ടണത്ത് നിന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടയുള്ള യുഡിഎഫ് നേതാക്കള്‍.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതോടെ മാധ്യമ ശ്രദ്ധമുഴുവന്‍ വി.എസില്‍ കേന്ദ്രീകരിക്കുമെന്നും അതുവഴി ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളില്‍ നിന്നും തല്‍ക്കാലം രക്ഷപെടാമെന്നുമുള്ള കണക്ക് കൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.

രാജ്യസഭാ തെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞെടുപ്പും സര്‍ക്കാരിന് നിര്‍ണായകമായതിനാല്‍ സിപിഎമ്മില്‍ ഭിന്നത ഉടലെടുക്കേണ്ടത് ഭരണപക്ഷത്തിന് അനിവാര്യമാണ്.

പി.സി ജോര്‍ജിന്റെ നീക്കങ്ങളെ ആശങ്കയോടെ വീക്ഷിക്കുമ്പോഴും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും വിജയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വയലാര്‍ രവിക്ക് പുറമെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പി.വി അബ്ദുള്‍ വഹാബ് സ്വന്തം നിലക്കും ഭരണ-പ്രതിപക്ഷ എംഎല്‍എമാരോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്വന്തം പാളയത്തിലെ വോട്ട് ചോര്‍ച്ച വെല്ലുവിളിയാകുമെന്നതിനാല്‍ യുഡിഎഫിലെ ഓരോ എംഎല്‍എമാരോടും പ്രത്യേകമായാണ് വഹാബ് വോട്ടഭ്യര്‍ത്ഥന നടത്തുന്നത്.

വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്ലീംലീഗില്‍ തന്നെ പൊട്ടിത്തെറിയുണ്ടാക്കിയതിനാല്‍ ആരെങ്കിലും വോട്ട് മനപൂര്‍വ്വം അസാധുവാക്കിയാലും വഹാബിന്റെ നില പരുങ്ങലിലാകും. കൂറുമാറ്റ നിയമത്തില്‍ തട്ടിത്തെറിക്കുമെന്നതിനാല്‍ പി.സി ജോര്‍ജ് പോലും കളംമാറ്റി ചവിട്ടില്ലെന്ന ആത്മ വിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.

കെ.ബി ഗണേഷ്‌കുമാര്‍ മാത്രമാണ് ഇപ്പോള്‍ പരസ്യമായി ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചിട്ടുള്ളത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് ഇടത് മുന്നണിക്ക് നിര്‍ണായകമാണ്. സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.കെ രാകേഷും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ രാജനുമാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍.

വി.എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ വി.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണം ഏത് തരത്തിലുള്ളതായിരിക്കുമെന്ന കാര്യത്തിലും ആശങ്ക വ്യാപകമാണ്.

വി.എസ് എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കുന്നത് തടയാനാണ് മകന്‍ അരുണ്‍കുമാര്‍ വിശാഖപട്ടണത്തെ സമ്മേളന സ്ഥലത്ത് എത്തിയതെന്ന പ്രചരണവും ശക്തമാണ്. താമസ സൗകര്യം ഏര്‍പ്പാടാക്കാനാണ് താന്‍ വന്നെതെന്ന അരുണിന്റെ വിശദീകരണമാണ് ഈ സംശയത്തിനിടയാക്കിയത്.

സാധാരണ ഗതിയില്‍ പാര്‍ട്ടി നേരിട്ടാണ് നേതാക്കള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതും സഹായിക്കാന്‍ പാര്‍ട്ടി വോളണ്ടിയര്‍മാരെ നിയോഗിക്കുന്നതുമെന്നിരിക്കെ അരുണ്‍കുമാര്‍ വന്നതിന്റെ ലക്ഷ്യമെന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഏതെങ്കിലും ഘട്ടത്തില്‍ വി.എസിനെ അനുനയിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആ ദൗത്യം നിറവേറ്റാന്‍ സിപിഎമ്മിലെ തന്നെ ചില നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് അരുണിന്റെ സാന്നിധ്യമെന്ന അഭിപ്രായവും പുറത്ത് വരുന്നുണ്ട്.

സംസ്ഥാന സമ്മേളനത്തിലെ വിമര്‍ശനത്തില്‍ സഹികെട്ട് സമ്മേളന നഗരിയില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അവിടെയും അദ്ദേഹം അഭിമുഖീകരിക്കുന്നതും വിമര്‍ശനങ്ങളുടെ ക്രൂരമ്പുകളാണ്.

സംഘടനാ റിപ്പോര്‍ട്ടിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വി.എസിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ട്. ഈ പരാമര്‍ശങ്ങളുടെ ചുവട് പിടിച്ച് നടക്കുന്ന ചര്‍ച്ചയില്‍ കേരള പ്രതിനിധികള്‍ വീണ്ടും വി.എസിനെതിരെ ആഞ്ഞടിക്കുമെന്നാണ് സൂചന.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് കൂടി വി.എസ് പുറത്തായാല്‍ ഫലത്തില്‍ ഒരു കമ്മിറ്റിയിലും ഇല്ലാത്ത അവസ്ഥയിലാകും വി.എസ്. സംസ്ഥാന കമ്മിറ്റിയില്‍ ഒഴിവുള്ള ഒരു സീറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്തി പിന്നീട് അനുനയിപ്പിച്ചാല്‍ തന്നെ അത് വി.എസിന് വലിയ തിരിച്ചടിയാകും.

പ്രായത്തില്‍ ഇളവ് നല്‍കിയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ചരിത്രം ആവര്‍ത്തിക്കില്ലെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. കേരളത്തിലെ നേതാക്കള്‍ ഇതിനായി ശക്തമായ സമ്മര്‍ദമാണ് കേന്ദ്ര തലത്തില്‍ ചെലുത്തുന്നത്.

രാമചന്ദ്രന്‍ പിള്ളയെ പുതിയ പാര്‍ട്ടി സെക്രട്ടറിയാക്കുന്നതിനെ കേരള ഘടകം പിന്‍തുണക്കുന്നതിന്റെ പ്രധാന കാരണവും വി.എസിന് ലഭിക്കാനിടയുള്ള പരിഗണന ഒഴിവാക്കാനാണ്. എന്നാല്‍ സീതാറാം യെച്ചൂരി തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകണമെന്ന നിലപാടിലാണ് ബംഗാള്‍-തൃപുര ഘടകങ്ങള്‍.

Top