വി.എസിന്റെ വാദത്തിന് കേന്ദ്ര കമ്മിറ്റിയുടെ ആംഗീകാരം; കേരള ഘടകത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: കേരളത്തില്‍ മത-സമുദായ സംഘടനകളെ ആശ്രയിക്കരുതെന്ന് സംസ്ഥാന ഘടകത്തോട് സി.പി.എം കേന്ദ്ര കമ്മിറ്റി. വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം ശക്തമാക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെ വിമത വിഭാഗമായ ധര്‍മ്മ വേദിയുടെയും മറ്റും പിന്‍തുണ തേടാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനാണ് കേന്ദ്ര കമ്മിറ്റി കൂച്ചുവിലങ്ങിട്ടിരിക്കുന്നത്.

കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുന്‍പ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ട് കണ്ട് ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട വി.എസ് അച്യുതാനന്ദന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ് കേന്ദ്രകമ്മിറ്റിയുടെ ഈ നിര്‍ണ്ണായക തീരുമാനം.

വരുന്ന തിരഞ്ഞെടുപ്പില്‍ വി.എസിന്റെ നിര്‍ദ്ദേശങ്ങളും നിലപാടുകളും പൂര്‍ണ്ണമായി തള്ളിക്കളയാന്‍ നേതൃത്വം തയ്യാറല്ലെന്ന വ്യക്തമായ സൂചനയായാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

സിപിഎം വിഭാഗീയതയെ തുടര്‍ന്ന് വി.എസിന്റെ വാദങ്ങള്‍ക്ക് ചെവികൊടുക്കാതിരുന്ന കേന്ദ്ര നേതൃത്വം ഇതാദ്യമായാണ് വി.എസിന്റെ നിലപാടുകള്‍ അംഗീകരിച്ചും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളഞ്ഞും നിലപാട് വ്യക്തമാക്കുന്നത്.

കര്‍ഷകര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതികള്‍ ഉടന്‍ മെച്ചപ്പെടുത്തണമെന്നും മാറിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ മധ്യവര്‍ഗത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജനങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കുണ്ടായ മുന്നേറ്റം ഗൗരവമായി കാണുകയും സി.പി.എം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും വേണമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം പ്ലീനം ഡിസംബര്‍ 27 മുതല്‍ 30വരെ കൊല്‍ക്കത്തയില്‍ നടത്താനും കേന്ദ്ര കമ്മിറ്റിയില്‍ അന്തിമ തീരുമാനമായി.

Top