വി.എസിന്റെ ‘പൂച്ച’ രാജു നാരായണ സ്വാമിയെ ജയലളിതയ്ക്കും പേടി !

ചെന്നൈ: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ഇറക്കിയ പൂച്ചകളില്‍ പ്രമുഖനായ രാജു നാരായണസ്വാമി ഐഎഎസിനെ തമിഴ്‌നാട് പുരട്ച്ചി തലൈവി ജയലളിതക്കും പേടി.

മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന രാധാകൃഷ്ണ നഗറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച പൊതുനിരീക്ഷകനായ സ്വാമിയെയാണ് ജയയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന സ്വാമി തെരഞ്ഞെടുപ്പ് ചെലവുകളിലും മറ്റും കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്. പണം നല്‍കി വോട്ടുപിടിക്കലടക്കമുള്ള തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങളില്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് ജയലളിത അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറില്‍ കോടിക്കണക്കിനു രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒഴുകുന്നത്. തമിഴ്‌നാട്ടിലെ മന്ത്രിപ്പടതന്നെ ആര്‍.കെ നഗറില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തുകയാണ്. പണവും പാരിതോഷികങ്ങളും നല്‍കിയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. സ്വാമി നിരീക്ഷകനായി എത്തിയതോടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം തടയാന്‍ കര്‍ക്കശ നടപടികളാണ് സ്വീകരിച്ചത്.

മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളില്‍ 30 രഹസ്യ കാമറകള്‍ സ്ഥാപിക്കാന്‍ സ്വാമി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്താനും പ്രചരണ സംഘത്തോടൊപ്പവും വീഡിയോ യൂണിറ്റുകളെ വിടാനും തീരുമാനിച്ചിരുന്നു.

പണക്കടത്തു തടയാന്‍ വാഹനപരിശോധനയും കര്‍ശനമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ നിയമലംഘനങ്ങളില്‍ സ്വാമി പിടിമുറുക്കിയതോടെയാണ് സ്ഥലം മാറ്റമുണ്ടായത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊടുന്നനെ സ്വാമിയെ മാറ്റി പകരം ഗാനാലാന്‍ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹി നാഗാലാന്റ് ഹൗസ് റസിഡന്റ് കമ്മീഷണറുമായ ജ്യോതി കൈലാഷിനെയാണ് പൊതുനിരീക്ഷകനായി നിയമിച്ചത്. ജയലളിതയുടെ അതൃപ്തിയാണ് സ്വാമിയുടെ മാറ്റത്തിനു പിന്നിലെന്നാണ് ആരോപണം.

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് നിയോഗിച്ച മൂന്നംഗ ദൗത്യ സംഘത്തിലെ പ്രധാനിയായിരുന്നു രാജു നാരായണസ്വാമി. മുഖം നേക്കാതെയാണ് സ്വാമിയും ദൗത്യ സംഘത്തിലുണ്ടായിരുന്ന ഋഷിരാജ്‌സിങും സുരേഷ്‌കുമാറും പ്രവര്‍ത്തിച്ചത്.

അന്ന് ദൗത്യസംഘത്തിനെതിരെ സിപിഐ പോലും വിമര്‍ശനമായെത്തിയപ്പോള്‍ പൂച്ച കറുപ്പായാലും വെളുപ്പായാലും എലിയെ പിടിച്ചാല്‍പോരേ എന്നായിരുന്നു വി.എസിന്റെ കമന്റ്.

Top