വി.എസിന്റെ പിന്‍തുണ ‘പൂച്ചക്ക് ‘ തന്നെ; സല്യൂട്ടടി വിവാദത്തിലും ‘വിപ്ലവ’ നിലപാട്‌

തിരുവനന്തപുരം: സല്യൂട്ടടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മൗനം പാലിക്കുന്നത് തന്ത്രപരമെന്ന് സൂചന.

മന്ത്രിയെ സല്യൂട്ടടിക്കാത്ത നിലപാട് ശരിയല്ലെന്ന നിലപാടിനൊപ്പം ഭാഗികമായെങ്കിലും പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി രംഗത്ത് വന്നിട്ടും പ്രതിപക്ഷ നേതാവായ വി.എസ് ഇതുവരെ ഒരഭിപ്രായ പ്രകടനവും നടത്താത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ മാത്രമല്ല പൊലീസ് സേനയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉണ്ടാകുന്ന ചെറുതും വലുതുമായ സംഭവങ്ങളില്‍ നേരിട്ട് ഇടപെട്ട് പ്രതികരിക്കുന്ന വി.എസ്, ഋഷിരാജ് സിംങ്ങ് വിഷയത്തില്‍ പ്രതികരിക്കാതെയിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഓഫീസും ‘അര്‍ത്ഥപൂര്‍ണമായ’ മൗനം പാലിക്കുകയാണ്.

മുഖ്യമന്ത്രിയായിരിക്കെ വി.എസിന്റെ വിശ്വസ്തരായ ‘പൂച്ചകളില്‍’ ഒന്നായി മൂന്നാറിനെ ഇളക്കിമറിച്ച ഋഷിരാജ് സിംങ്ങിനെ അങ്ങനെ കൈവിടാന്‍ വി.എസ് തയ്യാറല്ലത്രെ. സത്യസന്ധനായ ഉദ്യോഗസ്ഥനായ ഋഷിരാജ് സിംങ്ങിന് കേരള സര്‍ക്കാര്‍ അര്‍ഹമായ പദവികള്‍ നല്‍കുന്നില്ലെന്ന വികാരവും വി.എസിന് ഉണ്ട്.

ജനാധിപത്യ രാജ്യത്ത് മന്ത്രിമാരെ ബഹുമാനിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് ഉന്നത തസ്തികകകളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതും ജനാധിപത്യ സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിലാണദ്ദേഹം.

സിംങ്ങിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നാല്‍ അത് തെറ്റായ സന്ദേശമാകുമെന്നതിനാലാണ് വി.എസ് പ്രതികരിക്കാതെ ഇരിക്കുന്നതെന്നാണ് സൂചന. അതേസമയം സിംങ്ങിനെ തള്ളിപ്പറയാനും പഴയ ‘ബോസ്’ തയ്യാറല്ല.

മൂന്നാര്‍ ദൗത്യത്തിന് ശേഷം ആന്റി പൈറസി തലവനായിരുന്ന ഋഷിരാജ് സിംങ്ങ് ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ പരിശോധനക്കിറങ്ങിയപ്പോള്‍ ഫാക്‌സ് സന്ദേശത്തിലൂടെ സിംങ്ങിനെ അന്നത്തെ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ തല്‍സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് ഇരുപത്തിനാല് മണിക്കൂറിനകം ആ തസ്തിക തിരികെ നല്‍കാന്‍ ഡി.ജി.പിക്ക് അന്ത്യശാസനം നല്‍കിയാണ് തന്റെ പിന്തുണ സിംങ്ങിനെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഡി.ജി.പിയെ ക്ലിഫ്ഹൗസില്‍ വിളിച്ച് വരുത്തി ശാസിക്കാനും വി.എസ് തയ്യാറായി.

ഇതിനുശേഷം ഡെപ്യൂട്ടേഷനില്‍ മഹാരാഷ്ട്രയിലെ സി.ബി.ഐ ജോയിന്റ് ഡയറക്ടറായ സിംങ്ങ് മഹാരാഷ്ട്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയും ദേശീയ ശ്രദ്ധ നേടി.

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി അന്വേഷണമുള്‍പ്പെടെ സുപ്രധാന കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ സിംങ്ങിന്റെ വലയില്‍ വമ്പന്മാര്‍ കുരുങ്ങിയതോടെ അഞ്ച് വര്‍ഷം തികയും മുമ്പ് അദ്ദേഹത്തെ ഭോപ്പാലിലേക്ക് യു.പി.എ സര്‍ക്കാര്‍ സ്ഥലം മാറ്റി.

ഇവിടെ നിന്നാണ് അദ്ദേഹം വീണ്ടും കേരള സര്‍വ്വീസിലേക്ക് മടങ്ങി വന്നത്. ട്രാഫിക്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിലുമായി ഒതുക്കല്‍ പോസ്റ്റുകളില്‍ സര്‍ക്കാര്‍ സിംങ്ങിനെ നിയമിച്ചെങ്കിലും ഇവിടങ്ങളെ ശുദ്ധീകരിച്ചാണ് സിംങ്ങ് ഇതിനു മറുപടി പറഞ്ഞത്.

ഒടുവില്‍ പോലീസില്‍ സുപ്രധാനമായ പദവിയില്‍ നിയമനം നല്‍കാനാണെന്ന പേരും പറഞ്ഞ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ തസ്തികയില്‍ നിന്ന് മാറ്റിയ അദ്ദേഹത്തെ അപ്രധാനമായ ബറ്റാലിയന്‍ എ.ഡി.ജി.പിയായാണ് സര്‍ക്കാര്‍ നിയമിച്ചത്.

തന്റെ നീണ്ട സര്‍വ്വീസ് കാലയളവില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ക്രമസമാധാന ചുമതലയില്‍ ഋഷിരാജ് സിംങ്ങിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നത്.

അഴിമതിയടക്കം ഒരു ആരോപണത്തിനും വിധേയമാകാതെ കര്‍ക്കശക്കാരനായ സത്യസന്ധനായ പോലീസ് ഓഫീസര്‍ എന്ന് പേരെടുത്ത സിംങ്ങിനെ എന്ത്‌കൊണ്ട് ക്രമസമാധാന ചുമതലയിലോ മറ്റ് സുപ്രധാന ക്രൈംബ്രാഞ്ച്, വിജിലന്‍സ് വിഭാഗങ്ങളിലോ നിയമിക്കാത്തതെന്ന ചോദ്യത്തിന് സര്‍ക്കാരിന് പക്ഷേ ഉത്തരമില്ല.

ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐ.ജി ശ്രീജിത്തിനെ ക്രൈംബ്രാഞ്ചില്‍ നിയമിച്ച സര്‍ക്കാര്‍ സിംങ്ങിനോട് കാണിക്കുന്ന അവഗണനയില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും ശകതമായ പ്രതിഷേധമുണ്ട്.

സര്‍ക്കാരിന്റെ ഈ വിവേചനം കൊണ്ടുതന്നെയാണ് വി.എസ് മാനസികമായി ആണെങ്കില്‍പോലും ഋഷിരാജ് സിംങ്ങിനെ പിന്‍തുണക്കുന്നതെന്നാണ് സൂചന.

സിംങിനെതിരായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് മുന്‍പില്‍ ഇതുസംബന്ധമായ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായാല്‍ സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാനാണ് ഋഷിരാജ് സിംങ്ങിന്റെ തീരുമാനം.

Top