വി.എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി തള്ളി; പ്രതിപക്ഷനേതാവായി തുടരാം

ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിനെതിരായി വി.എസ്. അച്യുതാനന്ദന്‍ അയച്ച കത്ത് സിപിഎം കേന്ദ്രകമ്മിറ്റി തള്ളി. വി.എസിന്റെ വിയോജിപ്പോടെയാണു കത്ത് വോട്ടിനിട്ട് തള്ളിയത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരേ വി.എസ് ഉന്നയിച്ച വിഷയങ്ങളാണു തള്ളിയത്. വി.എസ് കത്തിലുന്നയിച്ച കാര്യങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണെന്നു സിസി ചൂണ്ടിക്കാട്ടി. വി എസിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്. വി എസ് സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയതിനെ ന്യായീകരിക്കാനാകില്ലെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പ്രകാശ് കാരാട്ട് വ്യക്തമാക്കി. കേരളത്തിലെ കാര്യങ്ങള്‍ പി ബി കമീഷന്‍ പരിശോധിക്കും. വി എസിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം കമീഷന്‍ പരിശോധിക്കുമെന്നും കാരാട്ട് വ്യക്തമാക്കി. പി ബി കമീഷനായിരിക്കും സംഘടനാ കാര്യങ്ങളിലെ അന്തിമ നടപടികള്‍ തീരുമാനിക്കുക.

എന്നാല്‍, സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെതിരായി അവതരിപ്പിച്ച പ്രമേയം പരിശോധിക്കുന്നതിനു പോളിറ്റ് ബ്യൂറോ കമ്മീഷനു വിടുകയും ചെയ്തു. പ്രമേയം റദ്ദാക്കാന്‍ സിസി തയാറാകാതിരുന്നതും ശ്രദ്ധേയമായി. പ്രമേയം സംഘടനാവിരുദ്ധമാണോയെന്നാണു പിബി കമ്മീഷന്‍ പരിശോധിക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍നിന്നു വി.എസ് മടങ്ങിപ്പോയതടക്കം കമ്മീഷന്‍ പരിശോധിക്കും. പിബി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ വി.എസ് പ്രതിപക്ഷ നേതാവായി തുടരും.

സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസിനെതിരേ സിസി കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വി.എസിനെതിരായി നടപടിയുണ്ടായാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം മാറിമറിയാന്‍ സാധ്യതയുണ്‌ടെന്നു കണ്ടാണു നടപടി വൈകിപ്പിച്ചത്.

Top