വി.എസിന്റെ ഇറങ്ങിപ്പോക്ക്: പി.ബി കമ്മീഷന്‍ അന്വേഷിക്കും

ന്യൂഡല്‍ഹി: ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് നീതീകരിക്കാവുന്ന കാര്യമല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗം. വി.എസിനെതിരെ സംസ്ഥാന കമ്മിറ്റിയും സെക്രേട്ടറിയറ്റും സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണമായും അംഗീകരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അദ്ദേഹത്തിനെതിരേയുള്ള അച്ചടക്ക നടപടിയാവശ്യം പി.ബി. കമ്മിഷനു വിട്ടു. അത് വരെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും.

വി.എസ് കത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ പാര്‍ട്ടി ഇതിന് മുന്‍പ് പരിശോധിച്ചിട്ടുള്ളതാണെന്ന് യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതിന് ഇത് ന്യായീകരണമല്ല. വി.എസ് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരം താണതായി സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വി.എസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തില്ല. വി.എസും സംസ്ഥാനത്തെ ഔദ്യോഗിക പക്ഷവുമായി ബന്ധപ്പെട്ട ഭിന്നതകളും പരാതികളും പരിശോധിക്കുന്നതിനാണ് രണ്ട് വര്‍ഷം മുന്‍പ് പി.ബി കമ്മിഷന്‍ രൂപീകരിച്ചത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, കെ. വരദരാജന്‍, ബി.വി. രാഘവുലു എന്നിവരുള്‍പ്പെട്ടതാണ് കമ്മിഷന്‍.

Top