വി.എസിന്റെ ആശംസാ ചിറകിലേറി യെച്ചൂരി നായകനായി ; കേരള ഘടകം ആശങ്കയില്‍

വിശാഖപട്ടണം: സിപിഎം കേരള ഘടകത്തിന്റെയും കേന്ദ്ര ‘നേതൃത്വത്തിന്റെ’യും കണക്കുകൂട്ടലുകള്‍ തകര്‍ത്തെറിഞ്ഞ് സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി.

എസ്.രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തി സീതാറാം യച്ചൂരിയെ വെട്ടിനിരത്താനുള്ള പ്രകാശ് കാരാട്ട്-പിണറായി അച്ചുതണ്ടിന്റെ നീക്കമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവസരോചിതമായ ഇടപെടലില്‍ തകര്‍ന്നടിഞ്ഞത്.

പി.ബിയിലെ ഭൂരിപക്ഷ തീരുമാനം മുന്‍നിര്‍ത്തി രാമചന്ദ്രന്‍പിള്ളക്ക് വേണ്ടി കരുക്കള്‍ നീക്കിയ കേന്ദ്ര നേതൃത്വത്തിന് കേന്ദ്ര കമ്മിറ്റിയില്‍ ചുവടുപിഴയ്ക്കുകയായിരുന്നു. ഭൂരിപക്ഷ അംഗങ്ങളും പിന്‍തുണച്ചത് സീതാറാം യെച്ചൂരിയെയായിരുന്നു. ഇതോടെയാണ് എസ് രാമചന്ദ്രന്‍ പിള്ള മത്സരരംഗത്ത് നിന്ന് പിന്മാറിയത്.

വി.എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പമുള്ള യെച്ചൂരി ജനറല്‍ സെക്രട്ടറിയായത് വ്യക്തിപരമായി വി.എസിന് വലിയ നേട്ടമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ യെച്ചൂരിയെ പരസ്യമായി ആശംസിച്ച് കഴിഞ്ഞ ദിവസം വി.എസ് രംഗത്ത് വന്നിരുന്നു.

ആലപ്പുഴയില്‍ തനിക്കേറ്റ കനത്ത തിരിച്ചടിക്ക് വിശാഖപട്ടണത്ത് മധുരമായി പകരംവീട്ടാനും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദം മറികടന്ന് കേന്ദ്രകമ്മിറ്റി ക്ഷണിതാവാകാന്‍ പറ്റിയതും വി.എസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.

അതേസമയം വി.എസിനെതിരായ നീക്കങ്ങള്‍ക്ക് പിന്‍തുണ നല്‍കിയിരുന്ന പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി യെച്ചൂരി വന്നത് സംസ്ഥാന ഘടകത്തിന് വലിയ തിരിച്ചടിയാണ്.

പിണറായിയുടെ അപ്രമാധിത്വത്തിന് യെച്ചൂരി നിന്നുകൊടുക്കില്ലെന്ന് ഉറപ്പായതിനാല്‍ സംസ്ഥാന ഘടകത്തില്‍ തന്നെ ചേരിതിരിവിനും സാധ്യതയുണ്ട്.

Top