വി.എസിന്റെയും രമേശ്‌ ചെന്നിത്തലയുടെയും നിലപാട് ‘പരീക്ഷണവും’ അരുവിക്കരയില്‍ !

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തിനും അരുവിക്കര വഴിത്തിരിവാകും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുവിക്കരയില്‍ പരാജയപ്പെട്ടാല്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനായി പൊതു തിരഞ്ഞെടുപ്പിനെ നേരിടാനാണ് രമേശ് ചെന്നിത്തലയുടെയും ഐ വിഭാഗത്തിന്റെയും നീക്കം.

ഒത്ത് തീര്‍പ്പിന്റെ ഭാഗമായി വേണ്ടി വന്നാല്‍ ഐ ഗ്രൂപ്പ് ഇപ്പോള്‍ കൈവശം വയ്ക്കുന്ന ആഭ്യന്തര, വിജിലന്‍സ്, റവന്യൂ വകുപ്പുകള്‍ എ ഗ്രൂപ്പിന് നല്‍കി നായകസ്ഥാനം ചെന്നിത്തല ഏറ്റെടുക്കണമെന്നാണ്‌ ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ വികാരം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ ഘടകകക്ഷികളുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ലെന്നാണ് ഗ്രൂപ്പ് നിലപാട്.

ഇനി ചരിത്രം ആവര്‍ത്തിച്ച് വീണ്ടും അരുവിക്കരയില്‍ വിജയിക്കുകയാണെങ്കില്‍ ഐ ഗ്രൂപ്പിന്റെയും ചെന്നിത്തലയുടെയും ഭാവി ഇരുളടയുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

ആരോപണത്തില്‍ പെട്ട് പിടയുന്ന ഘട്ടത്തില്‍ വിജയം ആവര്‍ത്തിച്ചാല്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ കരുത്തനാകുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍.

സുധീരനെ മുന്‍നിര്‍ത്തി ആന്റണി അവസാന നിമിഷം രംഗത്ത് വരാനുള്ള സാധ്യതയും ഐ ഗ്രൂപ്പ് മുന്നില്‍ കാണുന്നുണ്ട്.

അതേസമയം ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്ന പിണറായി വിജയന്റെ ആദ്യ അഗ്നി പരീക്ഷയാണ് അരുവിക്കരയില്‍ നടക്കുന്നത്.

പിണറായി നേരിട്ട് സംഘടനാ ചുമതല വഹിക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്വം പിണറായിയുടെ ചുമലിലായിരിക്കും.

പിണറായിയെ മുന്‍നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയാകുമെന്ന വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടിന്റെ യുക്തിയും അരുവിക്കരയിലാണ് വിലയിരുത്തപ്പെടുക.

വി.എസ് പ്രചാരണ രംഗത്തിറങ്ങിയാലും നേട്ടം ആത്യന്തികമായി പിണറായിക്കായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വാദം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി മുന്നിട്ടുനിന്ന അരുവിക്കര മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ പിണറായിയെ മുന്‍നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിടരുതെന്ന് ആവശ്യപ്പെട്ട് വി.എസ് പരസ്യമായി രംഗത്ത് വരാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നുണ്ട്.

സിപിഎം രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകുന്ന ഈ തെരഞ്ഞെടുപ്പ് വിധി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകളെയും സ്വാധീനിച്ചേക്കും.

ഫലത്തില്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സിപിഎമ്മില്‍ പിണറായിയും വി.എസും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ കൂടി വേദിയാവുകയാണ് അരുവിക്കര.

ഇവിടെ ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലുപരി ഈ മുതിര്‍ന്ന നേതാക്കളുടെ നിലനില്‍പ്പിന്റെ അഗ്നി പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്.

Top