വി.എസിനെ വിജയിപ്പിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി തുഷാര്‍ വെള്ളാപ്പള്ളി

മലമ്പുഴ: മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയാണെന്ന എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ സിപിഎം അണികളുടെ പ്രതിഷേധം.

പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ച് വിജയിപ്പിച്ചത് ആരെന്ന് വി.എസ് മറക്കരുതെന്നാണ് കോഴിക്കോട് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്.

എസ്.എന്‍.ഡി.പിയോഗവുമായി സഹകരണമാകാം എന്ന പൊളിറ്റ് ബ്യൂറോ നിലപാടിനെയും തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം ചെയ്തിരുന്നു.

ആരോടും അയിത്തമില്ല. സി.പി.എമ്മുമായി സഹകരിക്കാനാകും. എസ്.എന്‍.ഡി.പിയുടെ സ്വതന്ത്രസ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ തിരിച്ചും ധാരണയാകാം. ജയസാധ്യതയുള്ള ആരുമായും എസ്.എന്‍.ഡി.പി കൂട്ടുകൂടുമെന്നും തുഷാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വി.എസിനെ വിജയിപ്പിച്ചത് തങ്ങളാണെന്ന തുഷാറിന്റെ പ്രസ്താവനയാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ വി.എസിന് ഒരു മണ്ഡലത്തിലും വിജയിക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഔദാര്യം ആവശ്യമില്ലെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതികരണം.

മലമ്പുഴയില്‍ സിപിഎമ്മിന്റെ അടിത്തറയും വി.എസിന്റെ ജനപ്രീതിയുമാണ് വിജയഘടകമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ‘തമാശകള്‍’ പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് സിപിഎം അണികള്‍ പറയുന്നത്.

Top