വി.എസിനെ പിണക്കിയ വെള്ളാപ്പള്ളിയും മകനും ചോദിച്ചു വാങ്ങിയത് വന്‍ തിരിച്ചടി

പാലക്കാട്: മലമ്പുഴയില്‍ വി.എസിനെ വിജയിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സ്വന്തം കുടുംബത്തിനും പ്രസ്ഥാനത്തിനും വന്‍ വെല്ലുവിളിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

തുഷാറിന്റെ പ്രസ്താവനക്ക് ചുട്ട മറുപടി കൊടുത്ത വി.എസിനെ ‘സിപിഎം നേതാക്കള്‍ വെട്ടി പട്ടിക്കിട്ടു കൊടുക്കുമായിരുന്നെന്ന് ‘ പറഞ്ഞ് തിരിച്ചടിച്ച വെള്ളാപ്പള്ളിയുടെ നടപടിയാണ് വി.എസിനെ പ്രകോപിതനാക്കിയത്.

വെള്ളാപ്പള്ളിക്കെതിരെ അഴിമതി ആരോപണങ്ങളുടെ മാലപ്പടക്കം പൊട്ടിച്ച് വി.എസ് രംഗത്തുവന്നതോടെ പ്രതിരോധത്തിലായ എസ്എന്‍ഡിപി യോഗനേതൃത്വം പറഞ്ഞതെല്ലാം പുലിവാലാവുകയായിരുന്നു.

എസ്എന്‍ഡിപി യോഗത്തിലെയും എസ്.എന്‍ ട്രസ്റ്റിലെയും കോഴ ഇടപാടുകള്‍ അക്കമിട്ട് നിരത്തിയ വി.എസിന്റെ നടപടിയില്‍ സ്തംഭിച്ചത് രാഷ്ട്രീയ കേരളമാണ്.

എസ്.എന്‍ ട്രസ്റ്റിലെ വിവിധ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശനത്തിനുമായി വാങ്ങിയ നൂറുകണക്കിന് കോടികളുടെ കോഴപണം എവിടെ പോയെന്ന വി.എസിന്റെ ചോദ്യത്തിന് ഇതുവരെ വെള്ളാപ്പള്ളി മറുപടി പറഞ്ഞിട്ടില്ല.

ഇടത് വലത് മുന്നണികള്‍ക്ക് ബദലായി ബിജെപി സഹായത്തോടെ മൂന്നാം ബദല്‍ ഉണ്ടാക്കുന്നതിനായി ഡല്‍ഹിയിലെത്തി ബിജെപി പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തി വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വെള്ളാപ്പള്ളിയുടെ ‘വിശ്വാസ്യത’ക്ക് നേരെയാണ് വി.എസ് അഴിമതി കഥകളുടെ ‘കരി ഓയില്‍’ ഒഴിച്ചത്.

വെള്ളാപ്പള്ളിക്ക് അനുകൂലമായി ചിലഘട്ടങ്ങളില്‍ പ്രതിരോധം സൃഷ്ടിച്ച ബിജെപി നേതാക്കള്‍ പോലും വിഎസിന്റെ കണക്കുകള്‍ നിരത്തിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയി.

എസ്എന്‍ഡിപി യോഗത്തെ ബിജെപി പാളയത്തില്‍ കെട്ടുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സിപിഎം പിബി അംഗം പിണറായി വിജയനും കൂടി രംഗത്തു വന്നതോടെ വെള്ളാപ്പള്ളി ഒറ്റപ്പെട്ട അവസ്ഥയിലായി.

ഇതോടെ കുപിതനായ അദ്ദേഹം വിഎസിനെ ശിഖണ്ഡിയെന്നും സുധീരനെ നികൃഷ്ടജീവിയെന്നും വിളിച്ചത് വീണ്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് ഇടയാക്കിയത്.

എസ്എന്‍ഡിപി യോഗം നടപ്പാക്കിയ മൈക്രോഫിനാന്‍സിന്റെ മറവില്‍ നടന്ന തട്ടിപ്പ് കഥകള്‍ പുറത്തുവിട്ടാണ് വിഎസ് ‘ശിഖണ്ഡി’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ചത്.

ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങളിലും അഴിമതി ആരോപണങ്ങള്‍ വലിയ പ്രാധാന്യം നേടിയതോടെ ബിജെപിയുമായി സഖ്യമില്ലെന്ന് വരെ പറഞ്ഞ് പ്രതിഷേധത്തിന്റെ മുനയൊടിക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു.

വിഎസ് കോപം ശമിപ്പിക്കാന്‍ വിഎസ് മുഖ്യമന്ത്രിയാകുന്നത് കാണാനാണ് തനിക്ക് ഇഷ്ടമെന്ന് വരെ വെള്ളാപ്പള്ളി പറഞ്ഞുകളഞ്ഞു.

എന്നാല്‍ വെള്ളാപ്പള്ളിക്കെതിരായി ചാര്‍ജ് ചെയ്ത 5 കേസുകളുടെ വിവരങ്ങള്‍ ബിജു രമേശിനോട് വി.എസ് തേടിയതിനുശേഷം അപ്രതീക്ഷിതമായാണ് ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവാദ വെളിപ്പെടുത്തല്‍ ബിജു രമേശ് നടത്തിയത്. ഇത് വിഎസിന്റെ അറിവോടെയാണെന്നാണ് ലഭിക്കുന്ന സൂചന.

ഇതിനുശേഷം തുടരന്വേഷണം ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ സഹോദരിയും വി.എസും മറ്റ് സിപിഎം നേതാക്കളും രംഗത്ത് വരികയുണ്ടായി. ഇതോടെ തുടരന്വേഷണമെന്ന ആവശ്യത്തിലേക്ക് ആഭ്യന്തര വകുപ്പിനും പോകേണ്ടിവന്നു.

ബിജെപി നേതൃത്വത്തിലുള്ള ‘സ്വാധീനം മുന്‍നിര്‍ത്തി’ സിബിഐ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് വന്നെങ്കിലും ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടാണ് വി.എസും മറ്റ് സിപിഎം നേതാക്കളും സ്വീകരിച്ചത്. സംസ്ഥാന പൊലീസിലെ തന്നെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടിലാണിവര്‍.

ഇങ്ങനെവന്നാല്‍ ബിജെപിയെ മുന്‍നിര്‍ത്തിയുള്ള വെള്ളാപ്പള്ളിയുടെ കരുനീക്കങ്ങള്‍ ദുര്‍ബലമാകുമെന്ന തിരിച്ചറിവും നേതാക്കള്‍ക്കുണ്ട്.

പുന്നപ്ര വയലാര്‍ സമരത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ധീരതയെ 93ാം വയസ്സില്‍ ‘അപ്രസക്തമായി’ കണ്ട് പ്രതികരിച്ചതാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാറിനും വിനയായിരിക്കുന്നത്.

അഴിമതി ഐആരോപണങ്ങളും ശാശ്വതീകാനന്ദ വിവാദങ്ങളുമെല്ലാം എസ്എന്‍ഡിപി യോഗത്തിലെ ഇവരുടെ അപ്രമാധിത്വത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയുടെ കുടുംബവാഴ്ച എസ്എന്‍ഡിപി യോഗത്തില്‍ അവസാനിപ്പിക്കുന്നതിനായി ചില നീക്കങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് തുടങ്ങിയതായാണ് അറിയുന്നത്. കോണ്‍ഗ്രസിലെ സുധീര വിഭാഗത്തിന്റെ പിന്‍തുണയും ഈ നീക്കത്തിനുണ്ട്.

പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത ഉണ്ടാകാം… എന്നാല്‍ അത് മുതലെടുത്ത് താന്‍ കൂടി മുന്‍കൈയെടുത്ത് രൂപീകരിച്ച പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കാനാവില്ലെന്ന നിലപാടിലാണ് വി.എസ്.

”വി.എസ് പകവെച്ചാല്‍ പിന്നെ പുക കണ്ടേ ഒടുങ്ങൂ” എന്ന രാഷ്ട്രീയ എതിരാളികളുടെ നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

Top