വി.എസിനെ ‘തള്ളി -കൊണ്ടത് ‘ ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് സി.പി.ഐ നേതാവ്‌

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ ആദ്യം പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണ നായകനാക്കിയത് അരുവിക്കരയില്‍ തിരിച്ചടിയായെന്ന് സി.പി.ഐ നിയമസഭാ നേതാവ് സി.ദിവാകരന്‍.

ഇത് കേരളമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും നിലപാട് മാറ്റി പറഞ്ഞാല്‍ ജനങ്ങള്‍ അത് സ്വീകരിക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കി സി.പി.ഐ നേതാവ് രംഗത്ത് വന്നത്.

എലൈറ്റ് വോട്ടേഴ്‌സ് കൂടുതലുള്ള കേരളത്തില്‍ വാക്ക് തെറ്റിയാല്‍ റിസള്‍ട്ടും ഉടനുണ്ടാകും. ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണിത്.

ഗൗരിയമ്മയെ നേരത്തെ മുഖ്യമന്ത്രിയാക്കാതിരുന്നതും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇപ്പോള്‍ അവരെ തിരിച്ച് പാര്‍ട്ടിയില്‍ കൊണ്ടുവരുന്നതെന്നും സി.ദിവാകരന്‍ ചൂണ്ടിക്കാട്ടി.

സ്റ്റാലിന്‍ മോഡലിലുള്ള ഭരണമൊന്നും ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കില്ല. മുസ്ലീം സമുദായത്തിലെ പ്രബല വിഭാഗം അധികാരത്തിന്റെ ആനുകൂല്യത്തിനാണ് കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. ദേശീയ തലത്തില്‍ അവര്‍ക്ക് ആര്‍ക്കും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാന്‍ പറ്റില്ല.

മലപ്പുറം ജില്ല അനുവദിച്ചതും മുസ്ലീം സമുദായത്തിന് നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തതും 57-ലെ ഇ.എം.എസ്‌ മന്ത്രിസഭ അടക്കമുള്ള ഇടത് സര്‍ക്കാരുകളാണെന്ന കാര്യം മറക്കരുതെന്നും ദിവാകരന്‍ ഓര്‍മ്മിപ്പിച്ചു.

എല്ലാ സമുദായങ്ങളിലും പെട്ട പിന്നോക്ക വിഭാഗങ്ങള്‍ക്കായി നിലകൊണ്ടതും കമ്യൂണിസ്റ്റുകളാണ്.

ചാത്തനെയും ചടയനെയും മന്ത്രിയാക്കിയതാണ് 57-ലെ മന്ത്രിസഭ അട്ടിമറിക്കപ്പെടാന്‍ പ്രധാന കാരണം. സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ ഒരിക്കലും നിലപാട് സ്വീകരിച്ചിരുന്നില്ലെന്ന് 4 സി.പി.ഐ മന്ത്രിമാര്‍ ഈഴവ സമുദായത്തില്‍ നിന്ന് വന്ന കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

കഴിവ് നോക്കിയാണ് തങ്ങള്‍ കഴിഞ്ഞ ഇടത് സര്‍ക്കാരുകളില്‍ മന്ത്രിമാരെ നിശ്ചയിച്ചത്.

ന്യൂനപക്ഷം ഭൂരിപക്ഷമകുന്നത് ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകടിപ്പിച്ച അഭിപ്രായം വന്‍ വിവാദത്തിന് തിരികൊളുത്തുകയും സി.പി.എം കാനത്തെ തള്ളിപ്പറഞ്ഞ് രംഗത്ത് വരികയും ചെയ്ത സാഹചര്യത്തില്‍ സി.പി.ഐയുടെ മറ്റൊരു ഉന്നത നേതാവും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

രണ്ട് സി.പി.ഐ നേതാക്കളുടെ നിലപാടുകളില്‍ പ്രതിരോധത്തിലാകുന്നത് സി.പി.എം ആയതിനാല്‍ ഇടത് പക്ഷത്ത് ഭിന്നതയിലേക്ക് കാര്യങ്ങള്‍ പോകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
അതേസമയം പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയില്‍ കരുതലോടെ മാത്രം പ്രതികരിക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.

രാഷ്ട്രീയ എതിരാളികള്‍ക്ക് സി.പി.ഐ നേതാക്കള്‍ മത്സരിച്ച് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും ആക്രമിക്കാന്‍ ‘ആയുധങ്ങള്‍’ നല്‍കുന്നതില്‍ സി.പി.എം അണികളും രോക്ഷാകുലരാണ്.

Top