വി.എസിനെതിരെ സി.പി.എം നടപടിയില്ല; വരുന്ന തെരഞ്ഞെടുപ്പുകളും വി.എസ് നയിക്കും

ന്യൂഡല്‍ഹി – പാര്‍ട്ടി അച്ചടക്കം ലംഘിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനെതിരെ കടുത്ത നടപടിയില്ല.

പി.ബി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെങ്കിലും വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുകയോ, കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവെന്ന പരിഗണന ഒഴിവാക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കൂടി വന്നാല്‍ നടപടി താക്കീതില്‍ ഒതുങ്ങും. കേരളത്തിലെ പ്രത്യേക സാഹചര്യംകൂടി പരിഗണിച്ചാണ് ഈ നിലപാട്.

ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയില്‍ വച്ച് വി.എസ്. ഇറങ്ങിപ്പോയതും പിന്നീട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പി.ബി അംഗം പിണറായി വിജയനുമെതിരെ പ്രതികരിച്ചതുമടക്കമുള്ള കാര്യങ്ങളാണ് പി.ബി. അന്വേഷണ കമ്മീഷന്റെ പരിഗണനയിലുള്ളത്.

കേരളത്തില്‍ പിണറായി – വി.എസ് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറക്ക് ഇളക്കം തട്ടിച്ചതെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.

അരുവിക്കരയില്‍ പാര്‍ട്ടി അനുഭാവികളുടെയും ഇതുവരെ പാര്‍ട്ടിയെ പിന്തുണച്ചിരുന്ന പിന്നോക്ക വിഭാഗങ്ങളുടെയും വോട്ടുകള്‍ ബി.ജെ.പി പാളയത്തിലേക്ക് പോയത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വിലയിരുത്തുന്ന നേതൃത്വം, ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേരള ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയുടെ ഭീഷണി നേരിടാന്‍ മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനെ പിന്‍തുണക്കുന്ന സാഹചര്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന തിരിച്ചറിവും സി.പി.എം. നേതൃത്വത്തിന് ഉണ്ട്.

മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന യു.ഡി.എഫ് ആയുധമാക്കുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാവുമെന്ന ഭയത്തിലാണ് പാര്‍ട്ടി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് സംസ്ഥാന നേതൃത്വവും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.

അരുവിക്കരയിലെ യു.ഡി.എഫ് വിജയത്തോടെ യു.ഡി.എഫ് ഘടക കക്ഷികളായ ആര്‍.എസ്.പി, ജനതാദള്‍ (യു), കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം എന്നിവര്‍ ഇടതുപക്ഷത്തേക്ക് വരാനുള്ള സാധ്യത അടഞ്ഞതും സി.പി.എം പ്രതീക്ഷകള്‍ക്കുള്ള തിരിച്ചടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി ഒ. രാജഗോപാലിനെയും യു.ഡി.എഫ് ആന്റണിയേയോ സുധീരനേയോ മുന്‍ നിര്‍ത്താനുള്ള സാധ്യതയും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരിച്ചടിയുണ്ടാവുമെന്ന വി.എസിന്റെ വാദം സി.പി.എം. പരിഗണിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

വി.എസും പിണറായിയും ഒരുമിച്ച് മത്സരിച്ചാലും അത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മറ്റാരെയെങ്കിലും ഉയര്‍ത്തിക്കാട്ടണമെന്ന അഭിപ്രായത്തിന് മുന്‍ഗണന കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കാര്യങ്ങള്‍ എന്തായാലും വി.എസ്. അച്ചുതാനന്ദനും പിണറായി വിജയനും ഒത്തൊരുമിച്ച് പ്രചാരണ രംഗത്തിറങ്ങിയാല്‍ മാത്രമേ ബി.ജെ.പി യുടെ ഭീഷണി അതിജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന നിലപാടിലാണ് പാര്‍ട്ടി അണികള്‍.

ജനസ്വാധീനമുള്ള വി.എസ് പ്രചരണത്തിന് ഇങ്ങിയില്ലായിരുന്നുവെങ്കില്‍ അരുവിക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമായിരുന്നുവെന്ന നിഗമനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമുണ്ട്.

അച്ചടക്ക നടപടികള്‍ക്ക് താല്‍ക്കാലികമായി വിരാമം നല്‍കി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സി.പി.എം. അച്ചടക്ക നടപടിയെടുക്കുന്ന പാര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സി.പി.എമ്മില്‍ നിന്ന് പുറത്തായ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അരുവിക്കരയില്‍ ബി.ജെ.പി പാളയത്തിലെത്തിയതാണ് ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തതെന്ന് സി.പി.എം. തിരഞ്ഞെടുപ്പ് റിവ്യുവിലും വിലയിരുത്തിയിരുന്നു.

Top