വി.എസിന് എതിരായ പ്രമേയത്തിനെതിരെ യെച്ചൂരി; സംസ്ഥാന നേതൃത്വം മുള്‍മുനയില്‍

ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രമേയത്തില്‍ സിപിഎം ജനറല്‍ ക്രെട്ടറി സീതാറാം യെച്ചൂരിക്ക് കടുത്ത പ്രതിഷേധമെന്ന് സൂചന.

സിപിഎം കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാവും സ്ഥാപക നേതാവുമായ വി.എസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി, സംസ്ഥാന സെക്രട്ടറി തന്നെ പരസ്യപ്പെടുത്തിയത് സംഘടനാ വിരുദ്ധമാണെന്ന അഭിപ്രായമാണ് സീതാറാം യെച്ചൂരി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

വി.എസിനെതിരായ സംസ്ഥാന കമ്മിറ്റിയുടെ കുറ്റപത്രവും പി.ബി അന്വേഷണ കമ്മീഷന്‍ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളും അടുത്ത മാസം ആദ്യവാരം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യാനിരിക്കെ, എരിതീയില്‍ എണ്ണയൊഴിച്ച് കോടിയേരി പരസ്യ പ്രമേയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണെന്നാണ് യെച്ചൂരിയുടെ നിലപാട്.

സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി അംഗവുമായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള തുടങ്ങിയ ഒരു വിഭാഗത്തിന്റെ പിന്‍തുണ സംസ്ഥാന നേതൃത്വത്തിനുണ്ടെങ്കിലും കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്‍തുണക്കുന്നവരായതിനാല്‍ യെച്ചൂരിയുടെ നിലപാടിനായിരിക്കും കേന്ദ്ര കമ്മിറ്റിയില്‍ പ്രാമുഖ്യം ലഭിക്കുക.

കേരള ഘടകത്തിന്റെ പിന്‍തുണയോടെ എസ്.രാമചന്ദ്രന്‍ പിള്ളയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാനുള്ള പ്രകാശ് കാരാട്ട്- പിണറായി വിഭാഗങ്ങളുടെ നീക്കം പരാജയപ്പെട്ടതിന് ശേഷം ചേരുന്ന ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണ് ജൂണില്‍ നടക്കുന്നത്.

പാര്‍ട്ടിയോടൊപ്പം മരണം വരെ സ്ഥാപക നേതാവായ വി.എസ് വേണമെന്ന കര്‍ക്കശ നിലപാടുള്ള സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുന്‍പ് ബംഗാള്‍, തൃപുര, നേതൃത്വങ്ങളുമായും വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായും പ്രത്യേക ആശയവിനിമയം നടത്താനുള്ള സാധ്യതയും നിലവിലുണ്ട്.

യുഡിഎഫിന് സഹായകരമായ നിലപാട് വി.എസ് സ്വീകരിക്കുന്നുവെന്ന സിപിഎം സെക്രട്ടറിയേറ്റ് പ്രമേയത്തിലെ ആരോപണവും ‘പി.ബിയെ തള്ളിപ്പറയുന്നു…വെല്ലുവിളിക്കുന്നു’ എന്ന പരാമര്‍ശവും ജനറല്‍ സെക്രട്ടറിയെക്കുറിച്ച് കെട്ടിച്ചമച്ച കാര്യങ്ങള്‍ പറയുന്നു എന്ന വാദവുമെല്ലാം അനവസരത്തിലുള്ളതായിപോയെന്ന വികാരമാണ് യെച്ചൂരിക്കുള്ളത്.

പി.ബിക്കെതിരെയും ജനറല്‍ സെക്രട്ടറിക്കെതിരെയും ഏതെങ്കിലും നിലപാടുകളോ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളോ വി.എസ് നടത്തിയിട്ടുണ്ടെങ്കില്‍ സംഘടനാ രീതിപ്രകാരം അതിന് മറുപടി പറയേണ്ടതും നടപി സ്വീകരിക്കേണ്ടതും കേന്ദ്ര നേതൃത്വവും ജനറല്‍ സെക്രട്ടറിയുമാണെന്നിരിക്കെ സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് വന്നത് സംഘടനാ വിരുദ്ധ നടപടിയാണെന്നാണ് കേന്ദ്ര നേതൃത്വത്തിലെ പൊതു വികാരം.

രജ്യത്തെ നിലവിലെ ഏറ്റവും ശക്തമായ പാര്‍ട്ടി ഘടകം കേരളത്തിലേതാണെങ്കിലും സംഘടനാ പാളിച്ചകളുണ്ടെങ്കില്‍ തിരുത്തിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് സീതാറാം യെച്ചൂരി.

തനിക്കെതിരെ വന്ന പാര്‍ട്ടി പ്രമേയത്തിന്മേലുള്ള പ്രതിഷേധം വി.എസ് തന്നെ നേരിട്ട് സീതാറാം യെച്ചൂരിയെ അറിയിച്ചതായാണ് സൂചന.

തന്നെ കുറ്റവാളിയായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ്, മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡിയുടെ വെളിപ്പെടുത്തലോടെ ആരോപണ വിധേയനായ എളമരം കരീമിനും ലീഗുമായി സഹകരിക്കുമെന്ന് പറഞ്ഞ ഇ.പി ജയരാജനും ‘ക്ലീന്‍ ചിറ്റ്’ നല്‍കിയതിലുള്ള അമര്‍ഷവും യെച്ചൂരിയോട് പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വരെ കാത്തിരിക്കാനാണ് വി.എസിനോട് യെച്ചൂരി നല്‍കിയ മറുപടിയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

നിയമസഭാ -തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന കേരളത്തില്‍ വി.എസിനെ പ്രകോപിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.

അതേസമയം വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ശക്തമായി ഉന്നയിക്കാനാണ് കേരള ഘടകത്തിന്റെ തീരുമാനം. എന്നാല്‍ നടപടി ഒരിക്കലും ഏകപക്ഷീയമായിരിക്കില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നുമാണ് യെച്ചൂരിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top