വിശുദ്ധിയുടെ നിറവില്‍

വത്തിക്കാന്‍ സിറ്റി: കേരള കത്തോലിക്ക സഭയ്ക്ക് ഇന്ന് അഭിമാനത്തിന്റെയും വിശുദ്ധിയുടെയും ചരിത്ര ദിനം. ഭാരത സഭയ്ക്ക് രണ്ടു വിശുദ്ധര്‍ കൂടി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും ഏവുപ്രസ്യാമ്മയേയും ഇന്ന് വത്തിക്കാനില്‍ മാര്‍പ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍ ആയിരക്കണക്കിന് മലയാളികളായിരുന്ന സാക്ഷികളായത്.

ചാവറയച്ചനേയും ഏവുപ്രാസ്യാമ്മയേയും കൂടാതെ ഇറ്റലിക്കാരായ ജിയോവനി അന്റോണിയോ ഫരീന, ലൂഡോവികോ ഡി കസോരിയ, നിക്കോള ഡി ലോംഗോബര്‍ഡി, അമാതോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

ഇതോടെ ഇന്ത്യയില്‍ നിന്നും മൂന്ന് മലയാളികള്‍ വിശുദ്ധ പദവിയിലേക്കെത്തുകയാണ്. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ, ഫാദര്‍ കുര്യാക്കോസ് ഏല്യാസ്, എവുപ്രാസ്യാമ്മ. 2008 ഒക്ടോബര്‍ 12നാണ് അല്‍ഫോണ്‍സാമ്മയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, മറ്റു നാലു വാഴ്ത്തപ്പെട്ടവരുടെയും പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അനുഗതനായാണു മാര്‍പാപ്പ എത്തിയത്. നാമകരണ സംഘത്തലവന്‍ കര്‍ദിനാള്‍ അമാത്തോ, ആറു വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചുകൊണ്ട് അവരുടെ ലഘു ജീവിതചരിത്രം വിവരിച്ചു.

തുടര്‍ന്നു സകല വിശുദ്ധരുടെയും ലുത്തിനിയ. അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തി. അതോടെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി നവവിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുശേഷിപ്പ് വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് മഠത്തിക്കണ്ടം സിഎംഐയും, വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാങ്റ്റയും അള്‍ത്താരയിലേക്കു കൊണ്ടുവന്നു.

സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവരും മറ്റു മെത്രാന്മാരും മാര്‍പാപ്പയുടെ സഹകാര്‍മികരാകും.

Top