വിശാല ഹിന്ദു ഐക്യം ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയാണെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: വിശാല ഹൈന്ദവ ഐക്യത്തെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. ഹൈന്ദവ ഐക്യം എന്നു പറയുന്നത് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഹൈന്ദവ ഐക്യം വേണമെന്നില്ല. എന്‍എസ്എസ് വിശാല ഹിന്ദു ഐക്യത്തിനൊപ്പമില്ല. ഹിന്ദു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് എന്‍എസ്എസിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളത്തരം ഒളിച്ചു വയ്ക്കാനാണ് പുതിയ സംഘടന രൂപീകകരിക്കുന്നത്. ഇപ്പോള്‍ വാദിക്കുന്നവര്‍ ഹൈന്ദവനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകുവാനോ വിശാലഹിന്ദുഐക്യത്തില്‍ പങ്കുചേരുന്നതിനോ എന്‍എസ്എസ് തയ്യാറല്ല. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക, സമുദായപുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുക, സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുക എന്നീ അടിസ്ഥാനമൂല്യങ്ങള്‍ കൈവിടാതെയുള്ള പ്രവര്‍ത്തനമാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ് എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. എന്നാല്‍ ആരോടും പ്രത്യേക മമതയുമില്ല. ആരു ഭരിച്ചാലും അവരുടെ തെറ്റായ നിലപാടുകളെ എന്‍എസ്എസ് എതിര്‍ക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കൃത്യമായ സമദൂരം പാലിക്കും. കരയോഗത്തിന്റെ ലേബലില്‍ ആരേയും മത്സരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top