വിവാദ ഫോണ്‍ സംഭാഷണം; വിജിലന്‍സ് അന്വേഷണത്തിന് സാധ്യത തെളിയുന്നു…

തിരുവനന്തപുരം: ഡിജിപി കൃഷ്ണമൂര്‍ത്തിയുമായുള്ള തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ വിവാദ ഫോണ്‍ സംഭാഷണവും അഴിമതിയാരോപണവും വിജിലന്‍സ് അന്വേഷിച്ചേക്കും.

പൊലീസ് സേനക്കാകെ അപമാനമായ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ ആഭ്യന്തര വകുപ്പ് മന്ത്രി അടക്കമുള്ളവരോട് ആവശ്യപ്പെട്ടതായാണ് സൂചന. മാത്രമല്ല നിലവിലെ വെളിപ്പെടുത്തല്‍ മുന്‍നിര്‍ത്തി ആരെങ്കിലും വിജിലന്‍സ് കോടതിയെ സമീപിച്ചാല്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

തന്റെ നിര്‍ദേശ പ്രകാരമല്ല കൃഷ്ണമൂര്‍ത്തി തൃശൂര്‍ കമ്മീഷണറെ വിളിച്ചത് എന്ന് വ്യക്തമാക്കിയ ഡിജിപി ബാലസുബ്രഹ്മണ്യവും വിജിലന്‍സ് അന്വേഷണത്തിന് അനുകൂലമാണെന്നാണ് സൂചന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി.

ജേക്കബ് ജോബിന്റെയും കൃഷ്ണമൂര്‍ത്തിയുടെയും സ്വകാര്യ സംഭാഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായ വെളിപ്പെടുത്തലുള്ളതിനാല്‍ വിജിലന്‍സിന് സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പറ്റുമെന്ന സാഹചര്യവും നിലവിലുണ്ട്.

അങ്ങനെ വന്നാല്‍ ജേക്കബ് ജോബിന്റെയും കൃഷ്ണമൂര്‍ത്തിയുടെയും മൊബൈല്‍ ഫോണ്‍ അടക്കം വിജിലന്‍സിന് പിടിച്ചെടുക്കേണ്ടിവരും. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരുടെ മൊഴിയും അന്വേഷണ സംഘത്തിന് രേഖപ്പെടുത്തേണ്ടിവരും. തികച്ചും അസാധാരണമായ നടപടികളാണ് വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് വിഭാഗത്തിന് ഇനി നേരിടേണ്ടി വരിക.

സല്യൂട്ടടിച്ച് വണങ്ങേണ്ട ഡിജിപിയുടെ അടുത്ത് നിന്ന് മൊഴിയെടുക്കേണ്ട സാഹചര്യം വിജിലന്‍സ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് അസാധാരണ നടപടിതന്നെയാണ്.

വിവാദ ഫോണ്‍ സംഭാഷണം മുന്‍ നിര്‍ത്തി അന്വേഷണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് നിര്‍ണായക സാക്ഷിയാകുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജേക്കബ് ജോബിന്റെ അടക്കമുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ വേറെയും റെക്കോര്‍ഡു ചെയ്ത സംഭാഷണങ്ങള്‍ പുറത്ത് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥന്‍ മറ്റ് പലരുടെയും ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകുമെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ സംഭാഷണങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്താലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റിക്കവര്‍ ചെയ്‌തെടുക്കാന്‍ പറ്റുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഇനി ജേക്കബ് ജോബിന്റെയും മറ്റും ‘ യഥാര്‍ത്ഥ’ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടാലും പിടിച്ചെടുത്താലും ‘ഒറിജിനല്‍’ ലഭിക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.

സസ്‌പെന്‍ഷനിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്തിന്റെ പേരിലായാലും മേലുദ്യോഗസ്ഥന്റെ ഫോണ്‍ റെക്കോര്‍ഡു ചെയ്ത് പരസ്യമാക്കാന്‍ സാഹചര്യമൊരുക്കിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന നിലപാടിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.

ജേക്കബ് ജോബിന് എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കാമെന്നിരിക്കെ പൊതു സമൂഹത്തിന്റെ ഇടയില്‍ പൊലീസ് സേനയെ നാണം കെടുത്തിയ നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായിട്ടുള്ളത്.

സസ്‌പെന്‍ഷനിലുള്ള ജേക്കബ് ജോബിനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് പൊലീസ് സേന.

ഇതിനിടെ പൊലീസ് സര്‍വ്വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി വിരമിച്ച ഡിജിപി കൃഷ്ണമൂര്‍ത്തിയെ നിയമിച്ച നടപടിയെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതായും റിപ്പോര്‍ട്ടുണ്ട്.

Top