വിവാദ കോള്‍; പൊലീസ് ആസ്ഥാനത്ത് രണ്ട് ഡിജിപിമാരെ നിയോഗിച്ചതിലും ദുരൂഹത…

തിരുവനന്തപുരം: ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ഉയര്‍ന്ന ആരോപണത്തിന് വഴിയൊരുക്കിയത് ഡിജിപിമാര്‍ തമ്മിലുള്ള ചേരിപ്പോരെന്ന് സൂചന. പൊലീസ് ആസ്ഥാനത്ത് രണ്ട് ഡിജിപിമാരെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ച സര്‍ക്കാര്‍ നടപടിയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ മൂലകാരണം.

സര്‍ക്കാരിന് വളരെ വേണ്ടപ്പെട്ട ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തിയെ പൊലീസ് ആസ്ഥാനത്ത് ‘ഭരണവിഭാഗം’ ഡിജിപിയായാണ് കുടിയിരുത്തിയിരുന്നത്. ഐ.ജി തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ഇരിക്കേണ്ട ഈ തസ്തികയില്‍ ഡിജിപി പദവിയുള്ള ഉദ്യോഗസ്ഥനെ നിയമിച്ചത് ചരിത്രത്തിലെ ആദ്യ സംഭവമാണ്.

ക്രമസമാധാന ചുമതലയുള്ള ഡിജിപി ബാലസുബ്രഹ്മണ്യത്തെ നോക്കുകുത്തിയാക്കി പൊലീസില്‍ ഭരണം നടത്തിയത് കൃഷ്ണമൂര്‍ത്തിയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ മാസം 28ന് സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത കൃഷ്ണമൂര്‍ത്തിയെ പൊലീസ് സര്‍വ്വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ടിച്ച സര്‍ക്കാര്‍ നടപടി അദ്ദേഹത്തോടുള്ള ഭരണ വര്‍ഗ്ഗ അടുപ്പം സ്ഥിരീകരിക്കുന്നതുമാണ്.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി നിസാമിനെ സഹായിക്കാന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിന് പോയ പൊലീസ് ആസ്ഥാനത്തെ ഫോണ്‍ കോള്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി കൃഷ്ണമൂര്‍ത്തി ചെയ്തതാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം. താനൊരു ക്രിമിനലിനു വേണ്ടിയും വിളിച്ചിട്ടില്ലെന്നും സസ്‌പെന്‍ഷനിലായ സംഭവത്തെക്കുറിച്ച് കമ്മീഷണര്‍ ജേക്കബ് ജോബാണ് തന്നോട് സംസാരിച്ചതെന്നുമാണ് കൃഷ്ണമൂര്‍ത്തിയുടെ വിശദീകരണം.

ഇതോടെ പൊലീസ് ആസ്ഥാനത്തേയും രണ്ട് ഡിജിപി മാരുടെയും ജേക്കബ് ജോബിന്റെയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ഫോണ്‍ വിശദാംശങ്ങള്‍ ആരാണ് പരിശോധിക്കേണ്ടത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഇതു സംബന്ധമായ ശബ്ദരേഖ അടക്കമുള്ള രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയത് സര്‍ക്കാരിനെയും ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. ശബ്ദരേഖയോടൊപ്പം ഡിജിപിക്കെതിരായ നടപടിയും ഗവണ്‍മെന്റ് ചീഫ് വിപ്പ് ആവശ്യപ്പെട്ടതിനാല്‍ ഇതുസംബന്ധമായ ശാസ്ത്രീയ പരിശോധനയും നടത്തേണ്ടതുണ്ട്. സംസ്ഥാന പൊലീസ് ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം നിസാമിനെ സഹായിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാടില്‍ ഡിജിപി ബാലസുബ്രഹ്മണ്യം ഉറച്ച് നില്‍ക്കുകയാണ്. ഡിജിപിയുടെ ഈ നിലപാട് പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ചേരിപ്പോരാണ് വെളിവാക്കുന്നത്.

സംസ്ഥാനത്തെ എസ്.ഐ തലംമുതലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഡിജിപി കൃഷ്ണമൂര്‍ത്തി വഴിയാണ് ആഭ്യന്തര വകുപ്പ് നടപ്പാക്കിയിരുന്നത്. ഇക്കാര്യത്തില്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നതായാണ് സൂചന.

ഇങ്ങനെ പരസ്പരം നല്ല ബന്ധത്തിലല്ലാതിരുന്ന സാഹചര്യത്തില്‍ ഡിജിപി ബാലസുബ്രഹ്മണ്യം നിസാമിന്റെ കേസില്‍ ഇടപെട്ട് സഹായിക്കാന്‍ കൃഷ്ണമൂര്‍ത്തിയെ ചുമതലപ്പെടുത്തുമോയെന്ന കാര്യത്തില്‍ ഇതിനകം തന്നെ സംശയം ഉയര്‍ന്നിട്ടുണ്ട്.

സെന്‍സിറ്റീവായ ഇത്തരം കാര്യങ്ങളില്‍ ക്രമസമാധാന ചുമതലയുള്ള സിറ്റി പൊലീസ് കമ്മീഷണറോട് ബാലസുബ്രഹ്മണ്യത്തിന് തന്നെ നേരിട്ട് സംസാരിക്കാമെന്നിരിക്കെ മറ്റൊരു ഉദ്യോഗസ്ഥനെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തി എന്ന് പറയുന്ന കാര്യം വിശ്വാസ യോഗ്യമല്ലെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് തലപ്പത്ത് നടന്ന ഈ ‘അട്ടിമറി’യാണ് ആദ്യം അന്വേഷിക്കേണ്ടതെന്നാണ് പൊലീസ് സേനയിലേയും വികാരം. തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബ് മുന്‍കൂട്ടി സംഭാഷണം റെക്കോര്‍ഡ് ചെയ്യാനുണ്ടായ സാഹചര്യവും അന്വേഷിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണെന്നഅഭിപ്രായവും പൊലീസ് സേനക്കകത്ത് ഉണ്ട്. ഇങ്ങനെ വന്നാല്‍ ഒരു ഉദ്യോഗസ്ഥനുമായും സേനക്കുള്ളില്‍ ആര്‍ക്കും സ്വതന്ത്രമായി സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശങ്ക.

അതേസമയം മൃഗീയമായ ഒരു കൊലപാതകം നടത്തിയ വ്യക്തിക്ക് വേണ്ടി ഏത് ഉദ്യോഗസ്ഥന്‍ ഇടപെട്ടാലും ശക്തമായ നടപടി വേണമെന്ന ആവശ്യം രാഷ്ട്രീയ കക്ഷി ഭേദമന്യേ പരക്കെ ഉയര്‍ന്നിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് നിന്ന് നിസാമിനെ രക്ഷിക്കാന്‍ പോയ ഫോണ്‍കോള്‍ ഏത് ഉദ്യോഗസ്ഥനാണ് ചെയ്തതെന്നും, അത് ഡിജിപി പറഞ്ഞിട്ടാണോ അതോ ഭരണ പക്ഷത്തെ പ്രമുഖര്‍ പറഞ്ഞിട്ടാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് സര്‍ക്കാരിനെ വരും ദിവസങ്ങളില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

പൊലീസ് ആസ്ഥാനത്ത് രണ്ട് ഡിജിപിമാരെ നിയമിക്കാനിടയായ സാഹചര്യം നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും.

Top