വിവാദ കത്ത്; ജോസ് കെ മാണി നല്‍കിയ പരാതി ക്രൈം ബ്രാഞ്ച്‌ അന്വേഷിച്ചേക്കും

തിരുവനന്തപുരം: സരിതയുടെ പേരില്‍ പുറത്തിറങ്ങിയ 3 പേജ് വരുന്ന കത്ത് സംബന്ധമായി ഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യത.

ജോസ് കെ മാണി എം.പിയുടെ പരാതി പരിഗണിച്ചാണ് തീരുമാനം. ആഭ്യന്തര വകുപ്പിന്റെ ‘മറ്റ് ‘ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ ഇന്ന് തന്നെ ഇതുസംബന്ധമായ ഉത്തരവിറങ്ങും.

ജോസ് കെ മാണിക്കെതിരെയും ചില കോണ്‍ഗ്രസ് നേത്താക്കള്‍ക്കെതിരെയും കത്തിലുയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കത്ത് വ്യാജമാണെന്നും സരിത തന്നെ പറഞ്ഞതിനാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കത്ത് വിധേയമാക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായിരിക്കുന്ന ധാരണ.

റിപ്പോര്‍ട്ടര്‍ ചാനല്‍ വഴി പുറത്തുവിട്ട കത്ത് വ്യാജമാണെന്ന സരിതയുടെയും ജോസ് കെ മാണിയുടെയും ആരോപണം പരിശോധിക്കുന്ന സംഘത്തിന് ‘ഒറിജിനല്‍’ കത്ത് പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്നതിനാല്‍ ആഭ്യന്തര വകുപ്പ് ആശങ്കയിലാണ്.

അന്വേഷണം വഴിമാറി കുരുക്കായി മാറുമോയെന്ന ആശങ്ക ഭരണപക്ഷ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമെ അവശേഷിക്കുന്നൊള്ളു എന്നതിനാല്‍ അന്വേഷണ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ചോരുമെന്നതാണ് അവരുടെ ഉറക്കം കെടുത്തുന്നത്.

സിപിഎം നോതാക്കളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ‘ഭാവി നിയമനം’ മുന്‍ നിര്‍ത്തി കളം മാറ്റാനുള്ള സാധ്യതയും ഭരണപക്ഷം മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരാണെന്ന് തീരുമാനിച്ചിട്ടാകും ഫയല്‍ കൈമാറുക. ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ഡിജിപിയുടെ ശുപാര്‍ശ തള്ളിയാല്‍ സ്‌പെഷ്യല്‍ ടീമായിരിക്കും അന്വേഷണം നടത്തുക.

Top