വിവാദങ്ങള്‍ വകവെയ്ക്കാതെ വി.എച്ച്.പി മതപരിവര്‍ത്തനം തുടരുന്നു

ഗാന്ധിനഗര്‍: വിവാദങ്ങള്‍ വകവെയ്ക്കാതെ വിശ്വ ഹിന്ദു പരിഷത്തിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുന്നു. ഏറ്റവും ഒടുവില്‍ ഗുജറാത്തിലെ വാല്‍സദിലാണ് മതപരിവര്‍ത്തനം നടത്തിയത്. നൂറോളം ക്രിസ്ത്യാനികളെയാണ് ഹിന്ദു മതത്തിലേക്ക് നിര്‍ബന്ധിച്ച് മതംമാറ്റിയിരിക്കുന്നത്.

അതേസമയം, ഇവര്‍ നേരത്തേ ഹിന്ദുക്കളായിരുന്നെന്നും ഇടക്കാലത്ത് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ ഇവരെ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയാണ് ചെയ്തതെന്നും വി.എച്ച്.പി അവകാശപ്പെട്ടു. നിര്‍ബന്ധിച്ച് അല്ല മതം മാറ്റിയതെന്നും സമ്മതത്തോടെയാണെന്നും വി.എച്ച്.പി വ്യക്തമാക്കി. മതപരിവര്‍ത്തന ചടങ്ങില്‍ 3000 പേര്‍ പങ്കെടുത്തിരുന്നു.

‘ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയവര്‍ക്ക് ശരിയായ വിദ്യാഭ്യാസമോ നല്ല ജീവിത സാഹചര്യമോ ഭക്ഷണമോ ഒന്നും കൊടുത്തിരുന്നില്ല. ക്രിസ്ത്യന്‍ മതത്തിലേക്ക് മതംമാറ്റപ്പെട്ട എല്ലാവരെയും തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ട് വരും’. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അജിത് സോളങ്കി പറഞ്ഞു.

സമ്മതത്തോടെയുള്ള മതം മാറ്റമാണെങ്കില്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും, നിര്‍ബന്ധിച്ച് മതം മാറ്റുന്നതായി ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് നിതിന്‍ പട്ടേല്‍ അറിയിച്ചു.

ഈ മാസം ആദ്യം ആഗ്രയില്‍ 57 മുസ്ലീങ്ങളെ മതപരിവര്‍ത്തനം ചെയ്തത് വിവാദമായിരുന്നു. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സംഘടനയായിരുന്നു ഇതിന് പിന്നില്‍.

Top