വിവാദങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗ് പുസ്തകത്തിലൂടെ മറുപടി പറയുന്നു

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി നല്‍കാന്‍ മന്‍മോഹന്‍സിംഗും പുസ്തകമെഴുതുന്നു. പ്രധാനമന്ത്രിയായിരിക്കെ തന്റെ ഓഫിസും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചെല്ലാം മന്‍മോഹന്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ആരോപണത്തിന് മറുപടിയായാണ് യുപിഎ കാലഘട്ടത്തിലെ സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ മന്‍മോഹന്‍ ഒരുങ്ങുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗിന്റെ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ അസ്വസ്ഥമാക്കിയ പാര്‍ട്ടി നേതൃത്വത്തിനെ മന്‍മോഹന്റെ വെളിപ്പെടുത്തലുകള്‍ വീണ്ടും കുഴപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. മന്‍മോഹന്റെ മുന്‍മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ ‘ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍’ എന്ന പുസ്തകവും പാര്‍ട്ടിക്ക് തലവേദനയായിരുന്നു. പ്രധാനമന്ത്രിക്കും മുകളിലാണ് പാര്‍ട്ടി അധ്യക്ഷ സോണിയ പ്രവര്‍ത്തിച്ചതെന്നാണ് സഞ്ജയ് ബാരു പുസ്തകത്തില്‍ കുറ്റപ്പെടുത്തിയത്. വിവാദമായ 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, ഇടപാടുകളില്‍ മന്‍മോഹന്‍ സിംഗിന്റെ നിലപാടുകളെ വിമര്‍ശിച്ച് മുന്‍ സിഎജി വിനോദ് റായ് അടുത്തിടെ പുസ്തകമെഴുതിയിരുന്നു.
ഇതിനെല്ലാം മറുപടിയും പ്രധാനമന്ത്രി പദത്തിലെ അനുഭവങ്ങളും വിവരിച്ചാണ് മന്‍മോഹന്‍ പുസ്തകമെഴുതുന്നത്. സംസാരത്തില്‍ ഇല്ലാതിരുന്ന മൂര്‍ച്ച എഴുത്തിലുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

Top