വിവാദങ്ങളെയെല്ലാം പിന്നിലാക്കി പ്രേമം നൂറാംദിനം പിന്നിടുന്നു

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം പ്രേക്ഷക മനസുകളിലേക്ക് എത്തിയിട്ട് ഇന്ന് നൂറുദിവസം പിന്നിടുന്നു. മലയാള സിനിമയില്‍ ഇത്രയധികം വിവാദങ്ങളോടെ പണംവാരിയ, യുവാക്കള്‍ ആഘോഷമാക്കിയ പോലൊരു സിനിമ ഈ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല.

ഒരുകൂട്ടം ചെറുപ്പക്കാരുടെ ഒത്തൊരുമയുടെ വിജയം കൂടിയാണ് പ്രേമത്തിന്റേത്.

യുവതാര തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയാണ് പ്രേമം ഹിറ്റായതോടെ നായകനായ നിവിന്‍ പോളിക്ക് ആരാധകര്‍ പതിച്ചുകൊടുത്തത്. നിവിന്‍ പോളിയുടെ മീശയും,താടിയും തൊട്ട് കറുപ്പ് കളര്‍ ഷര്‍ട്ട് വരെ ക്യാംപസുകളിലും, പുറത്തും ആഘോഷിച്ച പ്രേമാനന്തരകാലമാണ് നൂറുതികച്ച ചിത്രത്തിന്റെ മറ്റൊരു വിജയം.

ചിത്രത്തിലെ നായികമാരെല്ലാം കഥാപാത്രങ്ങളുടെ പേരില്‍ തന്നെ പ്രേക്ഷകരിലേക്ക് നടന്നുകയറിയതും സായ്പല്ലവി എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയായ നടിക്കുണ്ടായ ആരാധകവൃന്ദവും പ്രേമം എന്ന ഒരൊറ്റ ചിത്രം കൊടുത്ത നേട്ടമാണ്.

പ്രേമം ഉണ്ടാക്കിയ വിവാദങ്ങളാകട്ടെ ഒന്നിനു പിറകെ ഒന്നായി ഇപ്പോഴും തുടരുകയാണ്. സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ എത്തിയ വ്യാജനും പിന്നീടെത്തിയ സെന്‍സര്‍ കോപ്പിയും അന്വേഷണവും, ചോദ്യം ചെയ്യലുകളെല്ലാമായി വിവാദങ്ങള്‍ കൊഴുക്കുകയായിരുന്നു. അതിനു പിന്നാലെ ക്യാംപസുകളിലെ ഓണാഘോഷങ്ങള്‍ അതിരുകടന്നപ്പോള്‍ ക്യാംപസുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം സിനിമയാണെന്ന ആരോപണവുമായി രംഗത്തെത്തിയത് ഡിജിപി സെന്‍കുമാര്‍ ആയിരുന്നു.

സിനിമ യുവതലമുറയെ വഴിതെറ്റിക്കില്ലെന്നും സിനിമ കണ്ട് ആരും നല്ലവരും ചീത്തതും ആകില്ലെന്ന മറുവാദവുമായി സിനിമാക്കാരും, രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുളളവര്‍ രംഗത്തുവന്നതും പ്രേമാനന്തര കാലത്തിന്റെ പ്രത്യേകതയായിരുന്നു.

പ്രേമം സമ്മാനിച്ച സാമ്പത്തിക വിജയവും, പ്രേക്ഷക ശ്രദ്ധയും സംവിധായകനായ അല്‍ഫോണ്‍സ് പുത്രന് അടുത്ത സിനിമ ഒരുക്കുന്നതില്‍ വളരെയേറെ സഹായിക്കുമെന്നതാണ് മറ്റൊരു പ്രധാനകാര്യം.

Top