വിഴിഞ്ഞം പദ്ധതി: മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഗണിക്കുമെന്ന്‌ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കുന്നതിന് ലത്തീന്‍ സഭാ നേതൃത്വവുമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യവുമായി നടത്തിയ ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പിന്റെ കേരളാ പ്രതിനിധി സന്തോഷ് മഹാപാത്രയും പങ്കെടുത്തു.

മത്സ്യത്തൊഴിലാളികള്‍ക്ക് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി സഭാ നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലത്തീന്‍ സഭയുമായി പ്രാഥമിക ചര്‍ച്ച നടത്തിയത്. ആവശ്യമെങ്കില്‍ സഭാനേതൃത്വവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ച നടത്തും.

വന്‍കിട കപ്പലുകള്‍ വരുമ്പോള്‍ വിഴിഞ്ഞം മത്സ്യബന്ധന നിരോധിത മേഖലയാകും, കടലിന് ആഴംകൂട്ടുന്നതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും തുടങ്ങിയ ആശങ്കകളാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ മുന്നോട്ടു പോയാല്‍ പദ്ധതി തടയുമെന്നും വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ ലത്തീന്‍ സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top