വിഴിഞ്ഞം പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍പെട്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നഷ്ടപ്പെടാന്‍ ഇടവരരുതെന്ന് തുറമുഖവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ കേന്ദ്രത്തിന് മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കി.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ കരാര്‍ ഗൗതം അദാനിയുടെ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. പദ്ധതി വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുമാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

അതേസമയം, തുറമുഖ നിര്‍മ്മാണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി പറഞ്ഞു. പൊതു സ്വകാര്യപങ്കാളിത്തത്തോടെ തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്കകള്‍ അറിയിച്ചിരുന്നതായും പാര്‍ലമെന്റിന്റെ ഗതാഗത വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കൂടിയായ യെച്ചൂരി ചൂണ്ടിക്കാട്ടി.

Top