വിഴിഞ്ഞം പദ്ധതി: ടെന്‍ഡര്‍ സമര്‍പ്പിച്ചത് ഒരു കമ്പനി മാത്രം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കുള്ള ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട ദിവസം ഇന്ന് അവസാനിക്കെ ടെന്‍ഡര്‍ സമര്‍പ്പിച്ചത് ഒരു കമ്പനി മാത്രം. ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ അദാനി പോര്‍ട്ട്‌സ് ലിമിറ്റഡ് ആണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അഡാനി.

അഡാനിയെ കൂടാതെ എസാര്‍ പോര്‍ട്‌സ്, സ്രേ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നിവയാണ് എട്ടു ലക്ഷം രൂപ മുടക്കി ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയത്. എന്നാല്‍ അഡാനി ഗ്രൂപ്പ് മാത്രമാണു വെള്ളിയാഴ്ച ടെന്‍ഡര്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 30-നാണു ടെന്‍ഡര്‍ തുറക്കേണ്ടിയിരുന്നത്. യോഗ്യത നേടി ചുരുക്കപ്പട്ടികയിലെത്തിയ മൂന്നു കമ്പനികളും ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ തയാറാകാതെ വന്ന സാഹചര്യത്തില്‍ പല ഘട്ടത്തിലായി തീയതി നീട്ടുകയായിരുന്നു.

6,600 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 400 കോടി രൂപ പ്രോജക്ടിനായി മുടക്കണം. 800 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ നിന്നു നല്‍കും. 20 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണു മുടക്കേണ്ടത്. ഒരു കമ്പനിയും ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെന്‍ഡര്‍ വാങ്ങിയ മൂന്നു കമ്പനികളുടെ പ്രതിനിധികളുമായി നേരത്തേ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

Top