വിഴിഞ്ഞം പദ്ധതിയില്‍ കോണ്‍ഗ്രസിന് ആശങ്കയില്ല; വിശദീകരണവുമായി ഹൈക്കമാന്റ്

ന്യൂഡല്‍ഹി: വിഴിഞ്ഞം വിഷയത്തില്‍ ഹൈക്കമാന്റ് വിശദീകരണം. കരാര്‍ നല്‍കുന്നതില്‍ ഹൈക്കമാന്റിന് ആശങ്കയില്ലെന്നും എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍.സിങ് വ്യക്തമാക്കി.

നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഹൈക്കമാന്റ് വിശദീകരിച്ചു.

പദ്ധതി അദാനിക്ക് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനയും പിന്നീട് സര്‍ക്കാരിന്റെ വിശദീകരണവും വന്നിരുന്നു. സമ്മതപത്രം വൈകുന്നത് സാങ്കേതികം മാത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

അദാനിയും പ്രധാനമന്ത്രി മോഡിയും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ പദ്ധതി വരുന്നത് മുടക്കാനും തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോകാനും ഈ അവസരം ഉപയോഗിച്ച് ഒരുവിഭാഗം ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഹൈക്കമാന്റ് രംഗത്തെത്തിയത്.

Top