വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ പ്രതിപക്ഷം കുളം കലക്കി മീന്‍ പിടിക്കുകയാണെന്ന് മുൻ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ പ്രതിപക്ഷം കുളം കലക്കി മീന്‍ പിടിക്കുകയാണെന്ന് സജി ചെറിയാന്‍. തുറമുഖ നിര്‍മ്മാണം തുടരണോ നിര്‍ത്തിവെക്കണമോ എന്ന് യുഡിഎഫ് തുറന്നു പറയണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തില്‍ സഭയില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ എം വിന്‍സന്റ് എംഎല്‍എയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ പേരില്‍ നാടിന്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്. വിഴിഞ്ഞം തുറമുഖം വന്നാല്‍ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാള്‍ വരുമാനമുള്ള തുറമുഖമായി മാറും. അന്താരാഷ്ട്രതലത്തില്‍ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു.

‘കരാറിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എല്‍ഡിഎഫ് അല്ല. എല്ലാ പരിസ്ഥിതി പഠനങ്ങളും അനുമതികളും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ലഭിച്ചതെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകില്ലെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തീരശോഷണം ഉണ്ടാകില്ലെന്ന് യുഡിഎഫ് കാലത്ത് സഭയില്‍ അറിയിച്ചിരുന്നു. പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് യുഡിഎഫ് ആണ്. പദ്ധതിക്ക് എല്ലാ അനുമതിയും നല്‍കിയത് കോണ്‍ഗ്രസുകാരാണ്.

വിഷയത്തില്‍ അന്നും ഇന്നും ഇടതുപക്ഷത്തിന് ഒരേ നിലപാടാണ്. തുറമുഖം വേണം എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഐഎം എതിര്‍ത്തത് കരാറിലെ അഴിമതിയെയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ജനകീയ മുഖവും സൃഷ്ടിച്ചത് എല്‍ഡിഎഫ് ആണ്. ചരിത്രത്തില്‍ ഇതുവരെ തീരത്തിന്റെ കണ്ണീര്‍ ഒപ്പിയ സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളെ ഇന്നും കേരളത്തിന്റെ സൈന്യമായാണ് സര്‍ക്കാര്‍ കാണുന്നത്. തുറമുഖ നിര്‍മ്മാണം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കും’, അദ്ദേഹം അറിയിച്ചു.

Top