വിഴിഞ്ഞം: കരാര്‍ നല്‍കുന്നത് വൈകുന്നതില്‍ സര്‍ക്കാരിനെ അദാനി ഗ്രൂപ്പ് ആശങ്ക അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാര്‍ നല്‍കുന്നത് വൈകുന്നതില്‍ അദാനി പോര്‍ട്‌സ് ആശങ്ക അറിയിച്ചു. ഇതേത്തുടര്‍ന്ന് ഉത്തരവ് ഉടന്‍ നല്‍കാനാകുമെന്ന സന്ദേശം കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

തുറമുഖക്കരാര്‍ സംബന്ധിച്ച നടപടികളെപ്പറ്റി അദാനി പോര്‍ട്‌സ് അധികൃതര്‍ സര്‍ക്കാര്‍കേന്ദ്രങ്ങളില്‍ നിരന്തരം അന്വേഷണം നടത്തുന്നുണ്ട്. ഇപ്പോഴുള്ള രാഷ്ട്രീയപരമായ തടസ്സങ്ങള്‍ കാരണം പദ്ധതിയില്‍ കമ്പനിക്ക് താത്പര്യം നഷ്ടപ്പെടാതിരിക്കാനാണ് സമ്മതപത്രം ഉടന്‍ നല്‍കാനാവുമെന്ന് അറിയിച്ചിട്ടുള്ളത്.

പദ്ധതി അദാനിക്ക് നല്‍കുന്നതിലുള്ള അഭിപ്രായവ്യത്യാസം ഇനിയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. എന്നാല്‍ വരുന്ന ആഴ്ചയില്‍ പ്രതിസന്ധി നീക്കാനാവുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അതേ സമയം വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെയുള്ള കേസില്‍ സുപ്രീംകോടതി വാദം ബുധനാഴ്ച തുടങ്ങും. കേസിന്റെ നിര്‍ണായക സ്വഭാവം കണക്കിലെടുത്ത് അഡ്വക്കേറ്റ് ജനറലിനോട് ഹാജരാവണമെന്ന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ കമ്പനിക്ക് വേണ്ടി അഡ്വ. കെ.കെ. വേണുഗോപാലും ഹാജരാവും. വില്‍ഫ്രഡ് എന്ന പൊതുപ്രവര്‍ത്തകനാണ് പരാതിക്കാരന്‍.

കേസ് കോടതിയില്‍ വാദം കേള്‍ക്കും മുമ്പ് പദ്ധതിക്ക് സമ്മതപത്രം നല്‍കാനും അക്കാര്യം കോടതിയെ അറിയിക്കാനുമാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. അതിനിടെയാണ് രാഷ്ട്രീയതടസ്സങ്ങളുണ്ടായത്. എന്തായാലും ഈ കേസിലെ വാദം വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Top