വിഴിഞ്ഞം കരാര്‍ ; അപാകതകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി സി.എ.ജിക്ക് പരാതി നല്‍കി

oommen chandy

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ വീഴ്ചകള്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതി നല്‍കി.

ഡല്‍ഹിയിലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന ചില ബാഹ്യശക്തികളുടെ ഇടപെടല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.

വിഴിഞ്ഞത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ വിശദീകരണങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാക്കിയ വിഴിഞ്ഞം പദ്ധതി റിപ്പോര്‍ട്ടുമായി താരതമ്യം നടത്താന്‍ സി.എ.ജി തയ്യാറായിട്ടില്ല.

വിഴിഞ്ഞം പദ്ധതി ഓഡിറ്റില്‍ പുറത്ത് നിന്നുള്ള സഹായിയായി പ്രവര്‍ത്തിച്ച ആര്‍.തുളസീധരന്‍ പിള്ള രണ്ടുവര്‍ഷം മുമ്പ് ഒരു പ്രമുഖ വാരികയില്‍ വിഴിഞ്ഞത്തെ വിമര്‍ശിച്ച് മുന്‍വിധിയോടെ എഴുതിയ ലേഖനത്തിലെ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ സി.എ.ജി.ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

കണ്‍സെഷന്‍ കാലാവധി 30 ല്‍ നിന്ന് 40 വര്‍ഷമായി ഉയര്‍ത്തി സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം. ഇത് പദ്ധതി ചര്‍ച്ചയില്‍ ഇടയ്ക്ക് വച്ചടുത്ത നിലപാടല്ല. തുടക്കം മുതല്‍ ഈ വ്യവസ്ഥയുണ്ട്. അന്ന് മുതല്‍ തന്നെ അത് പരസ്യമാക്കിയതുമാണ്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കാന്‍ കാരണം പദ്ധതി നഷ്ടത്തിലായിരിക്കുമെന്ന പഠന റിപ്പോര്‍ട്ട് കണക്കിലെടുത്താണ്. നഷ്ടമാണെന്ന് ഉറപ്പായ പദ്ധതി ഏറ്റെടുക്കാന്‍ വന്നപ്പോഴാണ് അദാനി ഗ്രൂപ്പിന് ആ വ്യവസ്ഥ അംഗീകരിച്ചു നല്‍കേണ്ടി വന്നതെന്നും അദ്ദേഹം പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

Top