വിന്‍സന്‍ എം പോള്‍ ഒഴിഞ്ഞു;വെട്ടിലായി മാണി, അന്തം വിട്ട്‌ യുഡിഎഫ്‌ നേതൃത്വം

തിരുവനന്തപുരം : ബാര്‍ കോഴകേസില്‍ മാണിയെ കുറ്റവിമുക്തനാക്കി നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ വിന്‍സന്‍ എം പോളിന്റെ നടപടിയില്‍ കുരുങ്ങിയത് കെ എം മാണി.

വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ തീരുമാനിച്ച വിന്‍സന്‍ പോളിന്റെ മാതൃക എന്തുകൊണ്ട് കെ എം മാണി സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

കെഎം മാണി ധനകാര്യ നിയമകാര്യ മന്ത്രിയായിരിക്കെ നടക്കുന്ന അന്വേഷണം സുതാര്യമല്ലെന്നും ഒരു നിമിഷം പോലും പാഴാക്കാതെ രാജിവയ്ക്കണമെന്നുമാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു താന്‍ തുടര്‍ന്നതിനുശേഷം തുടരന്വേഷണം നടക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് വിന്‍സന്‍ പോള്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറിനിന്നത്. ഇത് സംബന്ധമായ കത്ത് അദ്ദേഹം ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.

താന്‍ അവധി അപേക്ഷ നല്‍കിയ കാര്യം വിന്‍സന്‍ പോള്‍ തന്നെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

തെറ്റ് ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്നും വ്യക്തമാക്കിയ അദ്ദേഹം വിജിലന്‍സിന്റെ സല്‍പ്പേര് നിലനിര്‍ത്താനാണ് താന്‍ അവധിയില്‍ പ്രവേശിക്കുന്നതെന്ന് വ്യക്തമാക്കി.

വിജിലന്‍സിന്റെ സല്‍പ്പേര് സംരക്ഷിക്കാന്‍ വിന്‍സണ്‍ പോള്‍ മാറിനിന്നതു പോലെ കേരളത്തിന്റെ സല്‍പേര് സംരക്ഷിക്കാന്‍ കെഎം മാണി മാറിനില്‍ക്കണമെന്നാണ് ഇപ്പോള്‍ പൊതുസമൂഹത്തിനിടയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ മാണിക്കെതിരായ നിലപാടെടുക്കരുതെന്ന കര്‍ക്കശ നിലപാട് കെപിസിസി നേതൃത്വം നല്‍കിയിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പില്‍ വലിയ പരുക്കില്ലാതെ ജയിച്ച് കയറാമെന്ന യുഡിഎഫ് മോഹങ്ങള്‍ക്ക് മേല്‍ വിജിലന്‍സ് കോടതിവിധിയും വിന്‍സന്‍ പോളിന്റെ നിലപാടും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഇടതുപക്ഷവും ബിജെപിയും യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുവാന്‍ വിന്‍സന്‍ പോളിന്റെ അവധി അപേക്ഷയാണ് പ്രധാനമായും ആയുധമാക്കുന്നത്.

Top