വില്യംസ് സഹോദരിമാര്‍ യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്വന്തം നാട്ടുകാരിയായ ബഥനി മറ്റെക്‌സാന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണു സെറീന അവസാന പതിനാറില്‍ ഇടംപിടിച്ചത്.

ആദ്യ സെറ്റ് സ്വന്തമാക്കിയ മറ്റെക്‌സാന്‍ഡ്‌സ് രണ്ടാം സെറ്റില്‍ ജയത്തിനരുകില്‍ വരെയെത്തി വീണു. കടുത്തപോരാട്ടത്തിനൊടുവില്‍ രണ്ടാം സെറ്റ് സ്വന്തമാക്കിയ സെറീന പിന്നീടങ്ങോട്ടു മറ്റെക്‌സാന്‍ഡ്‌സിനെ നിലംതൊടീച്ചില്ല. അവസാന സെറ്റ് അനായാസം സ്വന്തമാക്കിയ സെറീന ആദ്യ കലണ്ടര്‍ സ്ലാമെന്ന സ്വപ്നനേട്ടത്തിലേക്ക് ഒരുപടികൂടി അടുത്തു. സ്‌കോര്‍: 3-6, 7-5, 6-0.

സഹോദരി വീനസ് വില്യംസും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. നാലാം റൗണ്ടില്‍ സഹോദരിമാര്‍ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ വീണ്ടമൊരു സിസ്റ്റേഴ്‌സ് ഫൈറ്റ് കാണാം. ഇതിനുമുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നത് കഴിഞ്ഞ ജൂലൈയില്‍ വിംബിള്‍ഡണിലായിരുന്നു. അന്ന് സെറീന ചേച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി.

ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനും നാലാം റൗണ്ടിലെത്താന്‍ നന്നായി തന്നെ വിയര്‍ക്കേണ്ടിവന്നു. പുരുഷ സിംഗിള്‍സില്‍ ഇറ്റലിയുടെ 25ാം സീഡ് ആന്ദ്രെ സെപ്പിക്കെതിരെ പൊരുതി ജയിച്ചാണ് ദ്യോകോവിച്ച് നാലാം റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് ഏറെക്കുറെ അനായാസമായി ജയിച്ച ദ്യോകോവിച്ചിനെ പിന്നീടുള്ള രണ്ട് സെറ്റിലും വരിഞ്ഞുകെട്ടി സെപ്പി. സ്‌കോര്‍: 6-3, 7-5, 7-5.

Top