വിമാനം റാഞ്ചാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനം യാത്രക്കാര്‍ റാഞ്ചാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി വി.സോമസുന്ദരം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ചു കൊണ്ട് എയര്‍ ഇന്ത്യയും പ്രസ്താവന ഇറക്കി.

ലണ്ടനിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എ.ഐ112 വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ രോഗം നടിച്ച് അവശനായി. ഉടനെ മറ്റ് അഞ്ചുപേര്‍ ഡോക്ടര്‍മാര്‍ എന്ന് അവകാശപ്പെട്ട് അയാളെ പരിശോധിച്ചു. ആരോഗ്യനില മോശമാണെന്നും അടിയന്തരമായി വിമാനം എവിടെയെങ്കിലും ഇറക്കാന്‍ പൈലറ്റിനെ കാണണമെന്നും അവര്‍ ശഠിച്ചു. എന്നാല്‍, കോക്പിറ്റിലേക്ക് അവരെ കയറ്റാനോ, പുറത്തിറങ്ങി അവരെ കാണാനോ പൈലറ്റ് തയ്യാറായില്ല. സംഘം ബഹളം ഉണ്ടാക്കുകയും കണ്ടേതീരൂ എന്ന് വാശി പിടിക്കുകയും ചെയ്തു. കോക്പിറ്റ് തുറക്കുന്ന പ്രശ്‌നമില്ലെന്നും താന്‍ പുറത്തിറങ്ങില്ലെന്നും പൈലറ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ സംഘത്തിന്റെ നീക്കം വിഫലമാവുകയായിരുന്നു.

Top